ad
Deshabhimani

കാസർകോടിന്റെ ആരോഗ്യക്കൂട്ട് ഇനി കേരളം മുഴുവനും

കാട്ടിപ്പൊയിലെ  കുടുംബശ്രീസംരംഭമായ ഐശ്വര്യ  പ്രൊഡക്ഷൻ യ‍ൂണിറ്റിൽ എൽഡ തയ്യാറാക്കുന്നു

കാട്ടിപ്പൊയിലെ കുടുംബശ്രീസംരംഭമായ ഐശ്വര്യ പ്രൊഡക്ഷൻ യ‍ൂണിറ്റിൽ എൽഡ തയ്യാറാക്കുന്നു

avatar
കെ വി രഞ്ജിത്ത്

Published on Mar 11, 2026, 02:00 AM | 2 min read

കാസർകോട്‌

വാര്‍ധക്യത്തിന്റെ പ്രയാസങ്ങളെ ലഘൂകരിക്കാന്‍ ജില്ലാ കുടുംബശ്രീ മിഷൻ തയ്യാറാക്കിയ ‘എൽഡ ’ ജെറിയാട്രിക്‌ഫുഡ്‌ ഇനി സംസ്ഥാനം മുഴുവനും ലഭ്യമാകും. ഇതിനായി സാമൂഹ്യ നീതി വകുപ്പുമായി ജില്ലാ കുടുംബശ്രീമിഷൻ ധാരണാപത്രംഒപ്പുവച്ചു. ഇരിങ്ങാലക്കുടയിൽ നടന്ന ചടങ്ങ്‌ മന്ത്രി ഡോ. ആർ ബിന്ദു ഉദ്‌ഘാടനംചെയ്‌തു. 1.5 കോടി രൂപയുടെ എൽഡയും (എൽഡേർലി ഡയറ്റ് ആഡ്) പ്രത്യകതരം കഞ്ഞിക്കൂട്ടുമാണ്‌ ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലും വിതരണംചെയ്യുന്നത്. 500 പാക്കറ്റ്‌ വീതമാണിത്‌. മികച്ച വയോജന സ‍ൗഹൃദ ജില്ലക്കള്ള സംസ്ഥാന പുരസ്‌കാരം നേടിയ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇനി മൂന്നുയൂണിറ്റുകൾകൂടി ആരംഭിക്കുന്നതോടെ സംസ്ഥാനത്ത്‌ കൂടുതൽ എത്തിക്കാനാകുമെന്ന്‌ ജില്ലാ കുടുംബശ്രീ മിഷൻ എഡിഎംസി ഡി ഹരിദാസ്‌ പറഞ്ഞു. കരിന്തളം കാട്ടിപ്പൊയിലെ കുടുംബശ്രീസംരംഭമായ ഐശ്വര്യ പ്രൊഡക്ഷൻ യ‍ൂണിറ്റാണ്‌ എൽഡയും കഞ്ഞിക്കൂട്ടുമൊരുക്കുന്നത്‌. ചവച്ചരച്ച്‌ ഭക്ഷണം കഴിക്കാനാകാത്തവർക്ക്‌ ഇ‍ൗ പ‍ൗഡർ പാലോ ചൂടുവെള്ളമോ ചേർത്ത് ദ്രവരൂപത്തിൽ നൽകാം. വിശപ്പും ദാഹവും അകറ്റുന്നതിനൊപ്പം ശരീരക്ഷീണം അകറ്റി രോഗപ്രതിരോധശേഷി നിലനിര്‍ത്താന്‍ സഹായിക്കുന്ന കഞ്ഞിക്കൂട്ടാണ് ഉടൻ വിതരണംചെയ്‌ത്‌ തുടങ്ങുക. പല്ലുകൊണ്ടോ ദുർബലമായ താടിയെല്ല് വച്ചോ ഭക്ഷണം കഴിക്കുന്നത് പല മുതിർന്ന പൗരന്മാർക്കും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഉറച്ച ഭക്ഷണങ്ങൾ ചവയ്ക്കുന്നതിലെ ബുദ്ധിമുട്ട് ശരിയായ പോഷകാഹാരക്കുറവിനും അപകടകരമായ ശ്വാസംമുട്ടൽ അപകടങ്ങൾക്കും കാരണമാകും. ഈ വെല്ലുവിളികളെ മറികടക്കാനാണ് മൃദുവായതും ചവയ്ക്കാൻ എളുപ്പമുള്ളതും അവശ്യ പോഷകങ്ങൾ നിറഞ്ഞതുമായ ഭക്ഷണം തയ്യാറാക്കിയത്. കാസർകോട്‌ സിപിസിആർഐയിലെ ശാസ്‌ത്രജ്ഞ നിലോഫറാണ്‌ പദ്ധതിക്കുള്ളസാങ്കേതികസഹായം. ആധുനിക രീതിയിലുള്ള പ്രത്യേക ഉപകരണങ്ങളും ഇതിനായി നിർമിച്ചു. തിന, റാഗി, ചെറുപയർ, നുറുക്ക്‌ ഗോതന്പ്‌, കാരറ്റ്‌, മുരിങ്ങയില, എള്ള്‌, ചുക്ക്‌, അവൽ തുടങ്ങി 15 ഇനങ്ങൾ ചേർത്ത്‌ പൊടിച്ചാണ്‌ എൽഡയുണ്ടാക്കുന്നത്‌. താടിയെല്ലിനും നാവിനും പോറലേൽക്കാത്ത എല്ലാവിധ പോഷകങ്ങളുമടങ്ങിയ ഭക്ഷണമാണ് ഒരുക്കിയതെന്ന് ജില്ലാമിഷൻ കോർഡിനേറ്റർ കെ രതീഷ്‌കുമാർ പറഞ്ഞു. കാസർകോട്ടെ ആരോഗ്യക്കൂട്ടിന്റെ വിജയമറിഞ്ഞ്‌ കുടുംബശ്രീ എക്‌സിക്യുട്ടീവ്‌ ഡയരക്ടർ എച്ച്‌ ദിനേശൻ, അഡീഷണൽ ഡയരക്ടർ എസ്‌ജലജ, സൂപ്രണ്ട്‌ യു എസ്‌ ബിന്ദു, ഡയരക്ടർ എസ്‌ അരുൺ എസ്‌ നായർ എന്നിവരുടെ നേതൃത്വത്തിലാണ്‌ കേരളം മുഴുവൻ വയോജനങ്ങൾക്കുള്ള സമീകൃതാഹാരം വിതരണംചെയ്യാനുള്ള നടപടിക്ക്‌ നേതൃത്വം നൽകിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home