പാട്ടുപാടി ജയിക്കും ആയിഷത്ത് റഫ

ജില്ലാപഞ്ചായത്ത് ഉദുമ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ആയിഷത്ത് റഫ മാങ്ങാട് വോട്ടർമാർക്കിടയിൽ

സ്വന്തം ലേഖകൻ
Published on Dec 07, 2025, 02:45 AM | 1 min read
ഉദുമ
കട്ടക്കാലിൽ നേതാക്കളുടെ പ്രസംഗം കഴിഞ്ഞ് സ്ഥാനാർഥിയുടെ ഊഴം. രാഷ്ട്രീയവും വികസനവും ചേർത്ത് കാര്യമാത്രപ്രസക്തമായ ചുരുക്കം സംസാരവും വോട്ടഭ്യർഥനയും. കൂട്ടത്തിൽ നിന്നാരോ പറഞ്ഞു, ആയിഷത്ത് റഫ പാടണം. നല്ല ഗായികയായ റഫ കിട്ടുന്ന വേദികളിൽ പാടുന്നുണ്ട്. കന്നഡ സംസാരിക്കുന്ന ഒരുപാട് പേരുള്ള സ്ഥലമാണ് കട്ടക്കാൽ. ജില്ലാപഞ്ചായത്ത് ഉദുമ ഡിവിഷൻ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി കൺവീനർ ടി നാരായണൻ പറഞ്ഞു, കന്നഡ ഭാഷക്കാരല്ലെ, മലയാളം വേണ്ട... ഹിന്ദിയാകാം. കന്നഡയിൽ തന്നെ പാടാമൊന്നായി റഫ. കന്നഡയിലും ഹിന്ദിയിലുമുള്ള പാട്ടിനൊപ്പം സ്വീകരണത്തിനെത്തിയവർ കൈയ്യടിച്ച് താളം പിടിച്ചു. ജീവകാരുണ്യ രംഗത്ത് സജീവമായ ആയിഷത്ത് റഫ മലയാളം, കന്നഡ, ഹിന്ദി, തുളു, അറബി, ഇംഗ്ലീഷ് ഭാഷകൾ നന്നായി കൈകാര്യം ചെയ്യും. ആയിഷത്ത് റഫ എന്ന എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പാട്ടും അതിനൊപ്പം വികസനത്തിന്റെ രാഷ്ട്രീയവും എല്ലായിടത്തും പറയുന്നുണ്ട്. കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തത്തിനും ബിജെപിയുടെ വർഗീയതയ്ക്കുമെതിരെ ഉദുമയിൽ വീണ്ടെടുപ്പിനായി എൽഡിഎഫ് പ്രചാരണ രംഗത്തും ബഹുദൂരം മുന്നിലാണ്. പൊതുപര്യടനം പൂർത്തിയാക്കി വീട് കയറിയുള്ള വോട്ടഭ്യർഥനയും കുടുംബയോഗങ്ങളും സജീവം.










0 comments