ബേഡകം കാർഷിക കർമസേനക്ക്
കേരളമാകെ കർമപഥം

ബേഡകം കാർഷിക കർമസേന പ്രവർത്തകൻ എറണാകുളം പുത്തൻകുരിശിൽ ഞാറുനടുന്നു

സ്വന്തം ലേഖകൻ
Published on Oct 25, 2025, 02:45 AM | 1 min read
കുണ്ടംകുഴി
കൃഷി മാത്രമല്ല കൃഷിപ്പണിയും നൂറുമേനി കൊയ്യാവുന്ന ബിസിനസാക്കി മാറ്റാമെന്നു തെളിയിച്ച ബേഡകം കാർഷികകർമസേന ഇതര ജില്ലകളിലേക്കും. ബേഡഡുക്ക പഞ്ചായത്തിനുകീഴിൽ പ്രവർത്തിക്കുന്ന സേനയാണ് ഇക്കുറി തൃശൂർ കൊടകര, എറണാകുളം ആമ്പല്ലൂർ, പുത്തൻകുരിശ് പ്രദേശങ്ങളിൽ യന്ത്രങ്ങളുമായെത്തി ഞാറുനട്ടത്. അതാതിടങ്ങളിലെ പാടശേഖര സമിതികളാണ് കാർഷികകർമസേനയെ സഹായത്തിനായി ക്ഷണിച്ചത്. സെക്രട്ടറി മോഹനൻ വരക്കാട്, പ്രസിഡന്റ് ദേവരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. വിവിധ സ്ഥലങ്ങളിൽ ബേഡകത്തെ കാർഷിക കർമസേനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പേരാമ്പ്രയിലേക്കും പാലക്കാട് നെന്മായിലേക്കും ഞാറുനടാൻ ക്ഷണമുണ്ട്. കർഷകരിൽനിന്നും നെല്ല് സംഭരിച്ച് അരിയാക്കുന്നതും ഞാറ്റടി ഒരുക്കലും നടീലും കൊയ്‌ത്തും ഉൾപ്പെടെയുള്ള പ്രവൃത്തി സേന ഏറ്റെടുക്കുന്നുണ്ട്. സമീപപ്രദേശങ്ങളിൽ ന്നുൾപ്പെടെ കർഷകരിൽനിന്ന് നെല്ല് ശേഖരിച്ച് പുഴുങ്ങി അരിയാക്കി നൽകുന്നു. കവുങ്ങിന് മരുന്ന് തളിക്കാനും സേന തയ്യാർ. ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയാണ് കാർഷികകർമസേനക്ക് പഞ്ചായത്ത് യന്ത്രോപകരണങ്ങൾ നൽകിയത്. ഞാറു നടാനുള്ള യന്ത്രം, ധാന്യംപൊടിക്കാനുളള യന്ത്രം, കവുങ്ങിന് മരുന്ന് തളിക്കുന്ന തോട്ടി ഉൾപ്പെടെയുള്ള പവർ സ്പ്രേയർ, നെല്ലിനും പച്ചക്കറികൾക്കും മരുന്ന് തളിക്കാവുന്ന പവർ സ്പ്രേയർ, കൊപ്ര ഡ്രയർ എന്നീ യന്ത്രങ്ങൾ ഇവർക്കുണ്ട്.










0 comments