സംസ്ഥാനത്ത് ആദ്യം
വരുന്നു, മൈലാട്ടിയിൽ ബാറ്ററി ഉൗർജ സംഭരണ സംവിധാനം


സ്വന്തം ലേഖകൻ
Published on Feb 21, 2026, 02:00 AM | 1 min read
ഉദുമ
സംസ്ഥാനത്തെ ആദ്യ ബാറ്ററി ഉൗർജ സംഭരണ സംവിധാനത്തിന്റെ നിർമാണം 28ന് മൈലാട്ടിയിൽ തുടങ്ങും. കെഎസ്ഇബിയുടെ 220 കെവി മൈലാട്ടി സബ് സ്റ്റേഷൻ കോമ്പൗണ്ടിലാണ് 125 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി ഉൗർജ സംഭരണ സംവിധാനം സ്ഥാപിക്കുക. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഏറ്റവും കൂടിയ സമയങ്ങളിലെ ആവശ്യകത കാര്യക്ഷമമായി നേരിടുന്നതിന് ഇൗ സംവിധാനം സഹായകമാവും. 125 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയിലൂടെ ദിവസേന പരമാവധി അഞ്ച് ലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഉപഭോഗം ഏറ്റവും കൂടിയ സമയങ്ങളിൽ ഗ്രിഡിലേക്ക് നൽകാനാവും. പദ്ധതി ഒക്ടോബറോടെ നിർമാണം പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ജെഎസ്ഡബ്ല്യൂ കമ്പനിയാണ് ഇതിന്റെ കരാർ ഏറ്റെടുത്ത് നിർമാണം നടത്തുന്നത്. സൗരോർജ മേഖലയിൽ വളർച്ചയിലേക്ക് മുന്നേറുന്ന ജില്ലയ്ക്ക് ഈ ബാറ്ററി ഉൗർജ സംഭരണ സംവിധാനം വലിയ ശക്തിയാവും. കേരളത്തിന്റെ സൗരോർജ ഹബ്ബായി ഉയരുന്ന ജില്ലയുശട ഊർജ അടിസ്ഥാന സൗകര്യവികസനത്തിന് പദ്ധതി പ്രധാന സംഭാവനയായിരിക്കും. പദ്ധതിക്ക് 28 ന് പകൽ മൂന്നിന് മന്ത്രി കെ കൃഷ്ണൻ കുട്ടി കല്ലിടും. സംഘാടക സമിതി രൂപീകരണയോഗം ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി വി രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. കാസർകോട് സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ മൊഹമ്മദ് സെയിദ് അധ്യക്ഷനായി. കെഎസ്ഇബി ടാൻസ്മിഷൻ എക്സിക്കുട്ടിവ് എൻജിനിയർ സ്വാഗതവും മൈലാട്ടി അസി. എക്സിക്യുട്ടിവ് എൻജിനിയർ നന്ദിയും പറഞ്ഞു. സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികൾ: ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി വി രാജേന്ദ്രൻ (ചെയർമാൻ), കാസർഗോഡ് ട്രാൻസ്മിഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഇ എസ് ശിവദാസൻ (ജനറൽ കൺവീനർ).










0 comments