ഉന്നതിയിൽ പുതിയവീടായി
ചോരണ കൂര കണ്ണേട്ടന്റെ ആർട് ഗ്യാലറി

ബേഡകം ചെമ്പക്കാട് ഉന്നതിയിലെ കുഞ്ഞിക്കണ്ണൻ പഴയ വീടിന്റെ ചുമരിൽ ചിത്രം വരക്കുന്നു
ഡി വിൻലാൽ
Published on Mar 06, 2026, 02:30 AM | 1 min read
ബേഡകം
ചോർന്നൊലിക്കുന്ന കൂരയിൽ തീരാത്ത ജീവിത പ്രയാസങ്ങളിൽ മനംനൊന്തപ്പോൾ ഒരാശ്വാസമായാണ് ചെമ്പക്കാട് പട്ടികവർഗ ഉന്നതിയിലെ കുഞ്ഞിക്കണ്ണൻ (61) എന്ന നാട്ടുകാരുടെ കണ്ണേട്ടൻ ചിത്രം വര തുടങ്ങിയത്. ചിത്രം വരക്കാനായി മാത്രം തേക്കാത്ത ചുമരിന്റെ ചെറിയ ഭാഗം സിമെന്റ് തേച്ചു. രാത്രി വൈകിയും ചുമപ്പ്, മഞ്ഞ, പച്ച, കറുപ്പ് ചായങ്ങളാൽ ചിത്രം വരച്ചു. മൂന്നു കൊല്ലംമുമ്പ് പരമശിവന്റെ ചിത്രം വരച്ചാണ് തുടക്കം. പിന്നീട് മുത്തപ്പൻ വെള്ളാട്ടവും തിരുവപ്പനയും, പുലിയുടെ മുകളിലിരുന്ന് വരുന്ന അയ്യപ്പൻ, ഓടക്കുഴൽ ഊതി പശുക്കൾക്കൊപ്പം നിൽക്കുന്ന ശ്രീകൃഷ്ണനും രാധയും എല്ലാം ചുമരിൽ നിറഞ്ഞു. ശാസ്‌ത്രീയമായി വര പഠിപ്പിച്ചിട്ടൊന്നുമില്ല. മനസ്സിൽ തെളിഞ്ഞ ചിത്രങ്ങൾ ചുമരിൽ പകർത്തുന്നുവെന്ന് മാത്രം. തെങ്ങിന് തടമെടുത്തും അടക്കയും തേങ്ങയും ചുമന്നും അധ്വാനിച്ച് വരും വഴി കുണ്ടംകുഴിയിൽ നിന്നും വരയ്ക്കാനുള്ള ഛായങ്ങൾ വാങ്ങും. സംസ്ഥാന സർക്കാരിന്റെ അംബേദ്കർ സെറ്റ്ൽമെന്റ് പദ്ധതിയിൽ കണ്ണേട്ടനും മനോഹരമായ വീട് പൂർത്തിയാകുകയാണ്. നിലവിലുള്ള കൂരക്ക് സമീപത്ത് തന്നെയാണ് പുതിയ വീട്. അവസാന ഘട്ട പണികൾ നടക്കുന്നു. 18 കൊല്ലത്തോളം ഓലമേഞ്ഞ് പ്ലാസ്റ്റിക് ടാർ പായ ഇട്ട കൂരയിൽ കഴിഞ്ഞ കണ്ണേട്ടന് ഇനി കൂര ചിത്രം വരയ്ക്കാൻ മാത്രമുള്ളതാണ്. സ്വപ്നതുല്യമായ വീട് നൽകിയതിൽ ഇടതുപക്ഷ സർക്കാരിനോടുള്ള സ്നേഹവും നന്ദിയുമാണ് ഈ കലാകാരന്റെ കൺകളിൽ നിറയെ. ഉണ്ടച്ചിയാണ് ഭാര്യ. സുജാത, കുഞ്ഞികൃഷ്ണൻ, സുധീഷ്, സുമിത്ര എന്നിവരാണ് മക്കൾ.










0 comments