എസ്‌എസ്‌എൽസി: ജില്ലയിൽ വിജയ ശതമാനം 99.47

കാസർകോട്
എസ്‌എസ്‌എൽസി പരീക്ഷയിൽ ജില്ലയ്‌ക്ക് ഇത്തവണയും തിളക്കമാർന്ന ജയം. പരീക്ഷയെഴുതിയവരിൽ 99.47 ശതമാനം പേർ ഉപരിപഠനത്തിന് അർഹരായി. 20,527 പേർ പരീക്ഷ എഴുതിയതിൽ 20,418 പേർ ഉപരിപഠനത്തിന് അർഹരായി. ഇതിൽ 10,624 പേർ ആൺകുട്ടികളും 9,903 പേർ പെൺകുട്ടികളുമാണ്. 99.56 ശതമാനമായിരുന്നു മുൻ വർഷത്തെ വിജയം. വിജയശതമാനത്തിൽ ഇത്തവണ നേരിയ കുറവുണ്ട്. വിജയശതമാനത്തിൽ സംസ്ഥാനത്ത് എട്ടാംസ്ഥാനത്താണ് ജില്ല. കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 99.18 ശതമാനവും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 99.84 ശതമാനവുമാണ് ജയം. 123 സ്‌കൂളുകൾ നൂറുശതമാനം വിജയം നേടി. 73 സർക്കാർ സ്‌കൂളുകൾ നൂറുമേനി നേട്ടം കൈവരിച്ചു. 24 എയ്‌ഡഡ് സ്‌കൂളുകളും 26 അൺ എയ്‌ഡഡ് സ്‌കൂളുകളും നൂറുശതമാനം വിജയം കരസ്ഥമാക്കി. ജില്ലയിൽ 1193 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. കാസർകോട് വിദ്യാഭ്യാസ ജില്ലയിൽനിന്ന് 479 പേരും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽനിന്ന് 714 പേരും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവരിൽ പെൺകുട്ടികളാണ് മുന്നിൽ – 808 പേർ. 385 ആൺകുട്ടികളും മുഴുവൻ എ എപ്ലസ് നേടി. കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 11,398 പേരും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 9129 പേരുമാണ് പരീക്ഷയെഴുതിയത്. കാസർകോട് 11,304 പേരും കാഞ്ഞങ്ങാട് 9114 പേരും ഉപരിപഠനത്തിന് അർഹതനേടി. സർക്കാർ സ്‌കൂളിലെ നൂറുമേനി വിജയം നേടിയവയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഉപരി പഠനത്തിന് അർഹത നേടിയത് ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ–- 359 പേർ. ഉദിനൂർ ജിഎച്ച്‌എസ്‌എസ് (319), കുട്ടമത്ത് ജിഎച്ച്‌എസ്‌എസ് (256), മൊഗ്രാൽ പുത്തൂർ ജിഎച്ച്‌എസ്‌എസ് (205), പെരിയ ജിഎച്ച്‌എസ്‌എസ് (202), പള്ളിക്കര ജിഎച്ച്‌എസ്‌എസ് (202) എന്നിവയാണ് കൂടുതൽ കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടിയ മറ്റ് സ്‌കൂളുകൾ. എയ്‌ഡഡ് സ്‌കൂളുകളിൽ കൈക്കോട്ടുകടവ് പിഎംഎസ്‌എ പിടിഎസ് വിഎച്ച്‌എസ്‌എസ് (261), ഷേണി എസ്‌എസ് എച്ച്‌എസ് (260), ധർമത്തടുക്ക എസ്‌ഡിപിഎച്ച്‌എസ് (240) എന്നിവയാണ് കൂടുതൽ കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടിയ സ്‌കൂളുകൾ. ജില്ലയിൽ കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയത് നായന്മാർമൂല ടിഐഎച്ച്‌എസ്‌എസ്സിലാണ് – 785 പേർ. സർക്കാർ സ്‌കൂളുകളിൽ ഏറ്റവും കൂടുതൽപേരെ പരീക്ഷയെഴുതിയത് കുന്പള ജിഎച്ച്‌എസ്‌എസിലാണ്– 556 പേർ.











0 comments