ad
Deshabhimani

അക്ഷരമുറ്റത്ത് ‘പുതിയ റീൽസ് ’

ചയ്യോത്ത് ജിഎച്ച്എസ്എസിൽ നടക്കുന്ന ജില്ലാതല പ്രവേശനോത്സവത്തിൽ കുട്ടികളെ വരവേൽക്കാൻ അധ്യാപകരും, വിദ്യാർഥികളും രക്ഷിതാക്കളുംചേർന്ന് ഒരുക്കങ്ങൾ നടത്തുന്നു
വെബ് ഡെസ്ക്

Published on Jun 01, 2026, 02:30 AM | 1 min read

കാസർകോട്‌

ജൂൺ ഒന്നിന്റെ പുലരിയിൽ ബെല്ലടിക്കുന്പോൾ സ്‌കൂൾ മുറ്റങ്ങളിൽ ഇനി 'പുതിയ റീൽസുകൾ' പിറക്കും–ചിരിയുടെ, കുസൃതികളുടെ, സൗഹൃദങ്ങളുടെ മനോഹരമായ റീലുകൾ! പുത്തൻ യൂണിഫോമും റെയിൻകോട്ടുമണിഞ്ഞ്, കൗതുകം നിറഞ്ഞ കണ്ണുകളോടെ അറിവിന്റെ നെക്സ്റ്റ് ലെവലിലേക്ക് ചുവടുവെക്കുന്ന കുരുന്നുകളെ വരവേൽക്കാൻ അക്ഷരമുറ്റങ്ങൾ ഫുൾ പവറിൽ റെഡിയായി. കാത്തിരിപ്പിന്റെ വേനലവധിക്ക് വിരാമമിട്ട്, സ്കൂൾ മണിയുടെ നാദത്തിലേക്ക് ജില്ലയും ഉണരുകയാണ്. ആദ്യമായി വിദ്യാലയത്തിന്റെ പടികടക്കുന്ന അക്ഷരത്തുമ്പികൾക്ക് ഇത് കൗതുകത്തിന്റെ ദിനമാണെങ്കിൽ, മുതിർന്നവർക്ക് ഇത് സൗഹൃദങ്ങളുടെ പുനസമാഗമത്തിന്റെ ദിനമാണ്. ആഴ്‌ചകൾക്ക്‌ മുമ്പുതന്നെ കുട്ടികളെ വരവേൽക്കാനുള്ള തിരക്കിലാണ്‌ അധ്യാപകരും രക്ഷിതാക്കളും പിടിഎ കമ്മിറ്റിളും. പല നിറങ്ങളിലുള്ള ബലൂണുകളാലും ചിത്രങ്ങളാലും ക്ലാസ്‌ മുറികൾ മനോഹരമാക്കി. ഒന്നാംക്ലാസുകാരെ കാത്ത്‌ സ്കൂളുകളിലെല്ലാം വർണക്കൂടാരങ്ങളും റെഡിയാണ്‌.

ജില്ലാ പ്രവേശനോത്സവം 
രണ്ടിടത്ത്‌

കാസർകോട്

ആഘോഷമായി നടത്തേണ്ട ജില്ലാ സ്‌കൂൾ പ്രവേശനോത്സവം അനാവശ്യ രാഷ്ട്രീയ ഇടപെടലുകൾ കൊണ്ട്‌ വിവാദവുമായി. ജില്ലാഭരണസംവിധാനവും ജില്ലാപഞ്ചായത്തും ആഴ്‌ചകൾക്കുമുന്പ്‌ ചായ്യോത്ത്‌ ഗവ. ഹയർസെക്കൻഡറിയിൽ ജില്ലാതല പ്രവേശനോത്സവം തീരുമാനിച്ചതായിരുന്നു. ഇതുസംബന്ധിച്ച്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന്‌ ഉത്തരവുമിറങ്ങിയിരുന്നു. പിന്നീട്‌ ചില ഭരണകക്ഷി അനുകൂല വിദ്യാഭ്യാസ സംഘടനകളുടെ ഇടപെടലിൽ കൈക്കോട്ടുകടവ്‌ വിഎച്ച്‌എസ്‌എസ്സിൽ ജില്ലാ പ്രവേശനോത്സവം നടത്തണമെന്നായി. ഇതിൽ വ്യാപക പ്രതിഷേധമുയർന്നതോടെ ചരിത്രത്തിലാദ്യമായി രണ്ട്‌ സ്‌കൂളുകളിലും ജില്ലാ പ്രവേശനോത്സവം നടക്കട്ടെയെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ സ്‌കൂൾ, കൂടുതൽ വിദ്യാർഥികളെ എസ്എസ്എൽസി പരീക്ഷയെഴുതിച്ച് നൂറുശതമാനം വിജയം കൈവരിച്ച വിദ്യാലയം, കൈറ്റ് വിക്ടേഴ്‌സ് ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പ്രത്യേക ജൂറി പരാമർശം തുടങ്ങിയ മികവ് പരിഗണിച്ചാണ് പ്രവേശനോത്സവത്തിനായി ചായ്യോത്ത്‌ സ്‌കൂളിനെ തെരഞ്ഞെടുത്തിരുന്നത്‌. ജില്ലാതല പ്രവേശനോത്സവം രാവിലെ 9.30ന്‌ ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാബു അബ്രഹാം അധ്യക്ഷനാകും. കലക്ടർ അർജുൻ പാണ്ഡ്യൻ ഉപഹാരങ്ങൾ നൽകും. കൈക്കോട്ടുകടവ്‌ വിഎച്ച്‌എസ്‌എസ്സിൽ നടത്തുന്ന പ്രവേശനോത്സവം വൈദ്യുതി മന്ത്രി സണ്ണി ജോസഫ്‌ ഉദ്‌ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home