ad
Deshabhimani

ചെറുവത്തൂരിൽ മണിക്കൂറുകൾ നീണ്ട ഭീതി

വിരണ്ടോടിയ പോത്തിനെ മയക്കുവെടിവച്ച്‌ തളച്ചു

മയക്കുവെടിയേറ്റ പോത്തിനെ വനംവകുപ്പ് ആർആർടി സംഘം കയറിൽ ബന്ധിക്കാനുള്ള ശ്രമം നടത്തുന്നു
വെബ് ഡെസ്ക്

Published on May 30, 2026, 02:30 AM | 1 min read

ചെറുവത്തൂർ

ചെറുവത്തൂർ റെയിൽവേ സ്‌റ്റേഷന് കിടക്കുഭാഗത്തും പരിസരത്തും മണിക്കൂറുകളോളം ജനങ്ങളിൽ ഭീതി പരത്തിയ പോത്തിനെ മയക്കുവെടിവച്ച് കീഴ്പ്പെടുത്തി. മുഴക്കോം കുളപ്പുറത്ത് അറവിനായി കൊണ്ടുവന്ന പോത്താണ് രാവിലെ വിരണ്ടോടി ഉച്ചയ്ക്ക് 12 ഓടെ ചെറുവത്തൂർ റെയിൽവേ സ്‌റ്റേഷന് കിഴക്ക് ഭാഗത്തെത്തിയത്‌. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്‌റ്റേഷൻ ഓഫിസർ കെ വി പ്രഭാകരന്റെ നേതൃത്വത്തിൽ എത്തിയ തൃക്കരിപ്പൂർ അഗ്നിശമന സേനാ വിഭാഗം പോത്തിനെ കയറിട്ട് പിടിച്ചും, വലവിരിച്ചും പിടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടർന്ന് കാസർകോട് നിന്ന് വനം വകുപ്പിലെ റാപ്പിഡ് റെസ്പോൺസ് ടീം ഡപ്യൂട്ടി റെയ്ഞ്ച് ഓഫിസർ എൻ വി സത്യന്റെ നേതൃത്വത്തിലുള്ള സംഘവുമെത്തി. ഇവരോടൊപ്പമെത്തിയ മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജൻ ഡോ. എസ് രാജു ആറാട്ടുവയലിലെ ചുറ്റുമതിലിനകത്തുണ്ടായ പോത്തിനെ രണ്ടുതവണ മയക്കുവെടി വയ്‌ക്കുകയായിരുന്നു. ഇതിനിടയിൽ തളർന്നുനിന്ന പോത്തിനെ വൈകിട്ട് ആറോടെ കയറിൽ ബന്ധിക്കുകയായിരുന്നു. പിന്നീട് പോത്തിന്റെ ഉടമകൾ അറവിനായി കൊളപ്പുറത്തേക്ക് കൊണ്ടുപോയി. ചന്തേര എസ് ഐ എൻ കെ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home