വഴിമാറുന്ന ചരിത്രം മേൽനോട്ടത്തിൽ പെൺകരുത്ത്: കരാറെടുക്കാനും കുടുംബശ്രീ

ബേഡകം കറിപൗഡർ, പലഹാര നിർമാണം, കൃഷി തുടങ്ങിയ വെെവിധ്യ പ്രവർത്തനങ്ങളിലൂടെ വിജയംനേടിയ ടീം ബേഡകം ആഗ്രോ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ നിർമാണ കരാർ പ്രവൃത്തിയും ഹിറ്റ്. ബറോട്ടി ആതിര നഗർ –കരിയത്ത് റോഡ് കൽവർട്ട് നിർമാണമാണ് കുറഞ്ഞ സമയത്തിനുള്ളിൽ കുടുംബശ്രീ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ കരാർ കന്പനി പൂർത്തീകരിച്ചത്. സാധാരണക്കാരായ സ്ത്രീകൾക്ക് വലിയ തൊഴിലവസരങ്ങളും ആത്മവിശ്വാസവും നൽകുന്ന സംരംഭം ജില്ലയിലെ സ്‌ത്രീ ശാക്തീകരണ മേഖലയിൽ പുതിയൊരു ചരിത്രമാവുകയാണ്. കുടുംബശ്രീ കാസർകോട് ജില്ലാ മിഷന്റെയും ബേഡഡുക്ക പഞ്ചായത്ത് സിഡിഎസിന്റെയും നേതൃത്വത്തിലാണ് ടീം ബേഡകം കമ്പനിയും സഹോദര സ്ഥാപനമായ കിഡ്കോ എൽഎൽപി (കുടുംബശ്രീ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് കമ്പനി) യും പ്രവർത്തിക്കുന്നത്. ബേഡഡുക്ക പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചുള്ള റോഡ് കൽവർട്ട് നിർമാണമാണ് കമ്പനി പൂർത്തിയാക്കിയത് . പൂർണമായും സ്ത്രീകൾ ഓഹരി ഉടമകളായി 2022ൽ ആരംഭിച്ച ടീം ബേഡകം കമ്പനിക്ക് കീഴിൽ സഹോദരി സ്ഥാപനമായി 2025ലാണ് കിഡ്കോ എൽഎൽപി തുടങ്ങിയത്. മുന്നാട് ജയപുരത്തെ ടീം ബേഡകം കമ്പനി കോർപ്പറേറ്റ് ഓഫിസിൽ തന്നെയാണ് കിഡ്കോ ഓഫീസും. സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുമരാമത്ത് പ്രവൃത്തികളുടെ കരാറുകൾ ടെൻഡർ വിളിച്ച് ഏറ്റെടുത്ത് പൂർത്തീകരിച്ച് നൽകലാണ് കിഡ്കോയുടെ പ്രധാന ലക്ഷ്യം. കൂടാതെ സ്വകാര്യ മേഖലയിലെ കെട്ടിടങ്ങൾ, വീടുകൾ എന്നിവയുടെ നിർമാണവും ഏറ്റെടുക്കും. പ്ലാൻ , എസ്റ്റിമേറ്റ് തയ്യാറാക്കൽ എന്നിവയ്ക്കായി കൂടുതൽ തൊഴിലാളികളെ നിയമിക്കും. ബേഡഡുക്ക പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ എം ഗുലാബിയും പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സി കൃഷ്ണവേണിയുമാണ് കിഡ്കോ ഭാരവാഹികൾ. കിഡ്‌കോ പൂർത്തീകരിച്ച കൽവർട്ട് ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ഇ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. വിഷ്ണു ചേരിപ്പാടി അധ്യക്ഷനായി. രാധാകൃഷ്ണൻ ചാളക്കാട്, ടി നാരായണൻ, എം ഗോപാലകൃഷ്ണൻ, പുഷ്പ കൃഷ്ണൻ, എസ് വി ഗോപൻ, ഭാസ്കരൻ കരിയത്ത്, കെ പത്മിനി എന്നിവർ സംസാരിച്ചു.










0 comments