Deshabhimani

ഭാവിയിലേക്ക്‌, നിരന്തര പിന്തുണയുമായി ‘സമഗ്ര പ്ലസ്‌ ’

സമഗ്ര പ്ലസ്‌
വെബ് ഡെസ്ക്

Published on Jul 09, 2025, 03:01 AM | 1 min read

കാസർകോട്‌

ഡിജിറ്റൽ പഠനമേഖലയിൽ ആശയങ്ങളുടെയും അവസരങ്ങളുടെയും ഘോഷയാത്രയൊരുക്കി കൈറ്റ്‌സിന്റെ ‘സമഗ്ര പ്ലസ്‌’ പോർട്ടൽ. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ പുനരുജ്ജീവന മിഷന് കീഴിൽ കൈറ്റ് വികസിപ്പിച്ചെടുത്ത ഓൺലൈൻ പഠന പ്ലാറ്റ്ഫോമാണ് സമഗ്ര ഇ -റിസോഴ്സ് പോർട്ടൽലിന്റെ പുതിയ വേർഷനായ സമഗ്ര പ്ലസ്‌. കാഞ്ഞങ്ങാട്‌ സംഘടിപ്പിച്ച കൈറ്റ്‌ ശിൽപശാലയിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതും അവലോകനം ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമുള്ള ‘സമഗ്ര പ്ലസ്’ പോർട്ടൽ ഉപയോഗിക്കേണ്ട രീതി വിശദീകരിച്ചു. താഴെത്തട്ട് മുതൽ മുകൾത്തട്ടുവരെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിർദേശങ്ങൾ നൽകുന്നതിനുമുള്ള സൗകര്യങ്ങളാണ് കൈറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന സമഗ്ര പ്ലസ് പോർട്ടലിലുള്ളത്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും കൈറ്റ് സിഇഒ കെ അൻവർ സാദത്തും ഓൺലൈനായി അധ്യാപകരുമായി സംവദിച്ചു. മാറിയ പാഠപുസ്തകത്തിനനുസരിച്ച് ഒന്നുമുതൽ പത്തുവരെ ക്ലാസുകൾക്കുള്ള ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ ബുധനാഴ്‌ച മുതൽ കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾക്കുള്ള അധിക പിന്തുണ എന്ന തരത്തിലാണ് ക്ലാസുകൾ തയ്യാറാക്കിയത്. ‘സമഗ്ര പ്ലസ്' ( www.samagra. kite.kerala.gov.in ) പോർട്ടലിലൂടെ അധ്യാപകർക്ക്‌ ഡിജിറ്റൽ പ്ലാനുകൾ തയ്യാറാക്കി സൂക്ഷിക്കാനും പ്രധാനാധ്യാപകർക്ക് സമർപ്പിക്കാനുമാകും. അതോടൊപ്പം പോർട്ടലിലുള്ള ഡിജിറ്റൽ റിസോഴ്സുകൾ ലേണിങ്‌ റൂം സംവിധാനംവഴി കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താം. ചെറുവീഡിയോകൾ, ചിത്രങ്ങൾ, ഓഡിയോ, വർക്ക്ഷീറ്റുകൾ തുടങ്ങിയവ അടങ്ങിയ വിദ്യാർഥികൾക്ക് പഠനലക്ഷ്യങ്ങൾക്കനുസൃതമായി സമഗ്ര പ്ലസിലൂടെ ലഭിക്കും. നിശ്ചിത ലോഗിൻ ഉപയോഗിച്ച്‌ പോർട്ടലിൽ പ്രവേശിക്കുന്നതിലൂടെ സേവനങ്ങൾ അധ്യാപകർക്ക് ലഭിക്കും. ഇതിനുപുറമേ കുട്ടിയെ വിലയിരുത്തി നിരന്തര പിന്തുണ നൽകുന്നതിനുള്ള സൂചകങ്ങളും തുടർപഠനപ്രവർത്തനങ്ങൾക്കുള്ള വിഭവങ്ങളും ചോദ്യബാങ്കുകളും സമഗ്രപ്ലസിൽ ലഭിക്കും. 2017 മുതലുള്ള എസ്എസ്എൽസി ചോദ്യങ്ങളും ഉത്തരസൂചകങ്ങളും ചോദ്യബാങ്കിൽ ഉൾപ്പെടുത്തി പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഭാഷാ വിഷയങ്ങൾക്കായി പാഠഭാഗങ്ങളുടെ ശബ്ദലേഖനങ്ങൾ (Podcast) സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നുമുതൽ 12 വരെ ക്ലാസുകളിലേക്കുള്ള മുഴുവൻ പാഠപുസ്തകങ്ങളും സമഗ്ര പ്ലസ് പോർട്ടലിൽ ലഭ്യമാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home