വിജ്ഞാന കേരളം കുടുംബശ്രീ മെഗാ തൊഴിൽമേള
കൈനിറയെ തൊഴിൽ

കാസർകോട്
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരും തദ്ദേശ വകുപ്പും കുടുംബശ്രീ ജില്ലാമിഷനും ജില്ലാതല തൊഴിൽ മേള സംഘടിപ്പിച്ചു. വിദ്യാനഗർ സൺറൈസ് പാർക്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്ഘാടനം ചെയ്തു. ബാങ്കിങ്, ഐ ടി, ഇൻഷുറൻസ്, റീട്ടെയിൽ, ആരോഗ്യപരിപാലനം, സേവനം തുടങ്ങിയ മേഖലകളിൽ ആയിരത്തിലധികം തൊഴിലവസരങ്ങളാണ് മേളയിൽ ഒരുക്കിയത്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്തി ഓരോ അയൽക്കൂട്ട കുടുംബങ്ങളുടെയും വരുമാനം വർദ്ധിപ്പിക്കുകയാണ് പ്രാഥമിക ലക്ഷ്യം. പുതുതലമുറ തൊഴിലിനുള്ള നൈപുണ്യ പരിശീലനം നൽകാനും ലക്ഷ്യമിടുന്നു. തൊഴിൽമേഖലയിലെ മാറിവരുന്ന പ്രവണത മനസ്സിലാക്കി ലഭ്യമായ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് അനുകൂലമായ തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുന്നുമുണ്ട്. 2025 ജൂലൈയിൽ ആരംഭിച്ച ഒരു ലക്ഷം തൊഴിൽ ക്യാമ്പയിന്റെ ഭാഗമായി ആറായിരത്തോളം തൊഴിലവസരങ്ങളാണ് നിലവിൽ ജില്ലയിൽ കണ്ടെത്തിയത്. ഇതിൽ പകുതിയോളം പേർക്ക് ജോലി ലഭിച്ചു. അസി. ജില്ലാ മിഷൻ കോഡിനേറ്റർ കെ എം കിഷോർ കുമാർ പദ്ധതി വിശദീകരിച്ചു. ജില്ലാ മിഷൻ കോഡിനേറ്റർ രതീഷ് കുമാർ അധ്യക്ഷനായി. തൊഴിൽമേളയിൽ 200 പേർ രജിസ്റ്റർ ചെയ്തിരുന്നു. 150 തൊഴിലവസരങ്ങളിലേക്കാണ് അഭിമുഖം നടന്നത്. അല്ഹയത്ത് എക്സ്പേർടയ്സ്, ആസ്റ്റർ മിംസ്, ടാറ്റാ ഗ്രൂപ്പ്, എസ് ബി ഐ ലൈഫ്, മലബാർ ഗോൾസ് തുടങ്ങി 30 ഓളം തൊഴിൽദായകർ മേളയിൽ പങ്കെടുത്തു. വിജ്ഞാനകേരളം ജില്ലാ മിഷൻ കോഡിനേറ്റർ കെ പി രഞ്ജിത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ടി പി ആതിര, പുത്തൂർ സിഡിഎസ് ചെയർപേഴ്സൺ റസിയ സലാം എന്നിവർ സംസാരിച്ചു. ജില്ലാ പ്രോഗ്രാം മാനേജർമാരായ എം രേഷ്മ സ്വാഗതവും സി കൃപ്ന നന്ദിയും പറഞ്ഞു.










0 comments