മനംനിറയെ... സായാഹ്നം ആസ്വദിച്ച്

മങ്കയം ഗാന്ധിഭവനിലെ അന്തേവാസികൾ കൊല്ലാട പാലത്തിന്റെ മുകളിൽ സായാഹ്നം ആസ്വദിക്കുന്നു
പി കെ രമേശൻ
Published on Jul 26, 2026, 02:00 AM | 1 min read
വെള്ളരിക്കുണ്ട്
പ്രായത്തിന്റെ അവശതകൾ മറന്ന്, മാനസികാരോഗ്യം വീണ്ടെടുത്ത് അവർ പാലത്തിന്റെ കൈവരികളിൽ പിടിച്ച് ചായ കുടിച്ചു. പുഴകണ്ട് മനംനിറച്ചു. മങ്കയം ഗാന്ധി ഭവനിലെ ലൗ ആൻഡ് കെയറിലെ അച്ഛനമ്മമാരുടെ ഏറെനാളായുള്ള ആഗ്രഹമാണ് പൂവണിഞ്ഞത്. ‘ഇടക്കൊന്ന് പുറത്തുപോകണം...മഴയും പുഴയും കാണണം...ഒരു ചൂട് ചായ കുടിക്കണം...' അത്രമാത്രയിരുന്നു മനസിലുണ്ടായിരുന്നത്. ഗാന്ധിഭവനിലേക്ക് പതിവായി ഓട്ടംപോകുന്ന കല്ലൻചിറ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ടി പി ഹാരിസിനോടാണ് അവർ തങ്ങളുടെ ആഗ്രഹം പറഞ്ഞത്. വാക്കുകൾ ഹാരിസിന്റെ മനസ്സിൽതട്ടി. ഹാരീസ് തന്റെ സഹപ്രവർത്തകരായ അഷറഫ്, ഇബ്രാഹിം, വിനയ് എന്നിവരോട് കാര്യം പറഞ്ഞു. ഓട്ടോറിക്ഷാത്തൊഴിലാളികൾ ഒത്തൊരുമിച്ച് ആ അച്ഛനമ്മമാരുടെ ആഗ്രഹം നിറവേറ്റാൻ മുന്നിട്ടിറങ്ങി. ഗാന്ധി ഭവൻ മാനേജർ റോബി പൂർണ പിന്തുണയോടെ 10 പേർക്കാണ് പ്രത്യേകയാത്ര ഒരുക്കിയത്. കഴിഞ്ഞദിവസം വൈകിട്ട് തെളിഞ്ഞ കാലാവസ്ഥയിൽ കല്ലൻച്ചിറ ഓട്ടോ റിക്ഷാ സ്റ്റാൻഡിലെ ഡ്രൈവർമാർ ഓട്ടോറിക്ഷകളുമായി ഗാന്ധി ഭവനിലെത്തി. അച്ഛനമ്മമാരെയുംകൊണ്ട് ഈസ്റ്റ് എളേരിയിലെ കൊല്ലാടയിലേക്കായി പിന്നെ യാത്ര. നനഞ്ഞ സായാഹ്നത്തിൽ കൊല്ലാട പാലത്തിൽ കുഞ്ഞിച്ചയുടെ ചായകടയിൽനിന്ന് ചൂട് ചായയും പരിപ്പുവടയും കഴിച്ച് അവർ തേജസ്വിനി പുഴയുടെ മനോഹാരിതയും തണുത്തകാറ്റും ആസ്വദിച്ചു. പാട്ടുപാടിയും തമാശപറഞ്ഞും പഴയ ഓർമകൾ പങ്കിട്ടും യാത്രയെ അവിസ്മരണീയ അനുഭവമാക്കി. ജീവിത സായാഹ്നത്തിൽ അവർക്ക് ഒരിക്കലും മറക്കാനാവാത്തൊരു സായാഹ്നമാണ് കൊല്ലാട സമ്മാനിച്ചതും. യാത്രയിൽ മുൻ പഞ്ചായത്ത് അംഗങ്ങളായ അബ്ദുൾ ഖാദർ, സന്ധ്യ ശിവൻ, ആശാ പ്രവർത്തക ലളിത, ഗാന്ധി ഭവൻ മാനേജർ റോബി സണ്ണി, വിജയൻ ബിരിക്കുളം എന്നിവരും പങ്കുചേർന്നു.








0 comments