ad
Deshabhimani

പരാതി നൽകി കുടുംബം

മുൻ എംഎൽഎയുടെയും ഭാര്യയുടെയും ചിത്രമുപയോഗിച്ച്‌ വായ്പാ തട്ടിപ്പ് പരസ്യം

മുൻ എംഎൽഎ എം നാരായണന്റെയും ഭാര്യയുടെയും ഫോട്ടോവച്ച്‌ ഫെയ്‌സ്‌ബുക്കിൽ പ്രചരിക്കുന്ന വായ്പാത്തട്ടിപ്പ് പരസ്യം
വെബ് ഡെസ്ക്

Published on May 07, 2026, 02:30 AM | 1 min read

നീലേശ്വരം ​

മുൻ എംഎൽഎയുടെയും ഭാര്യയുടെയും ചിത്രംവച്ച് ധനകാര്യ സ്ഥാപനത്തിന്റെ പേരിൽ വായ്പാ തട്ടിപ്പ് പരസ്യം. അന്തരിച്ച മുൻ എംഎൽഎ എം നാരായണന്റെയും ഭാര്യ കെ എം സരോജിനിയുടെ ഫോട്ടോ ഉപയോഗിച്ചാണ്‌ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ്. ഇന്ത്യാ ബുൾസ് ധാനി എന്ന മുംബൈ ആസ്ഥാനമായുള്ള ധനകാര്യ സ്ഥാപനത്തിന്റെ പേരിലാണ് സമൂഹമാധ്യമങ്ങളിൽ പരസ്യം പ്രത്യക്ഷപ്പെട്ടത്‌. ഇത്‌ ശ്രദ്ധയിൽപെട്ട പലരും മുൻ എംഎൽഎയുടെ കുടുംബത്തെ വിളിച്ച് വിവരം തിരക്കിയപ്പോഴാണ് അവർ ഇക്കാര്യമറിയുന്നത്‌. ഇതിനെതിരെ കെ എം സരോജിനി നീലേശ്വരം പൊലീസിൽ പരാതി നൽകി. രണ്ടു തവണ ഹൊസ്ദുർഗ് മണ്ഡലത്തെ(ഇപ്പോൾ കാഞ്ഞങ്ങാട്‌ മണ്ഡലം) പ്രതിനിധീകരിച്ചയാളാണ്‌ എം നാരായണൻ. ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും ചിത്രത്തിന് താഴെ 100 ശതമാനം വിശ്വാസം എന്ന വാചകവുമുണ്ട്. പേപ്പർ വർക്കോ ടെൻഷനോ ഇല്ലാതെ പേഴ്സണൽ ലോൺ നൽകുമെന്നാണ് വാഗ്ദാനം. മൂന്ന് മിനിറ്റിനുള്ളിൽ അംഗീകാരം, 15 ലക്ഷം വരെ ലോൺ, നൂറ് ശതമാനം സുരക്ഷിതത്വം തുടങ്ങിയവയാണ് പരസ്യത്തിലെ വാചകങ്ങൾ. ജനകീയ എംഎൽഎയായിരുന്ന എം നാരായണന്റെ ചിത്രം ഉപയോഗിച്ച്‌ തട്ടിപ്പുനടത്തുകയാണ് ലക്ഷ്യമെന്ന് കരുതുന്നു. ഇന്ത്യാ ബുൾസ് ധാനി കമ്പനിയുടെ കോർപ്പറേറ്റ് ആസ്ഥാനം മുംബൈയിലാണ്. അവരുമായി ബന്ധപ്പെട്ടപ്പോൾ കമ്പനിയുടെ കേരളത്തിലെ ഓഫീസ് കൊച്ചി കടവന്ത്ര കോർപറേഷൻ സ്റ്റേഡിയത്തിന് സമീപത്താണെന്നും കഴിഞ്ഞ ഒരു വർഷമായി കമ്പനി വായ്പയൊന്നും നൽകുന്നില്ലെന്നും കമ്പനിയുടെ പേരിൽ വന്ന പരസ്യവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും അത്‌ വ്യാജമാണെന്നും അധികൃതർ പറഞ്ഞു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home