ജലദായനിയായി ബാവിക്കര റഗുലേറ്റർ

രജിത് കാടകം
Published on Feb 01, 2026, 03:00 AM | 1 min read
ബോവിക്കാനം ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ ബാവിക്കര റെഗുലേറ്റർ കാസർകോട്, ഉദുമ മണ്ഡലങ്ങളിൽ ആയിരങ്ങൾക്ക് ആശ്വാസമായ പദ്ധതിയാണ്. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രം നടപ്പിലായ പദ്ധതി കാസർകോട് മണ്ഡലത്തിൽ ഭൂരിഭാഗം പഞ്ചായത്തുകളിൽ തടസ്സമില്ലാത്ത കുടിവെള്ള വിതരണം ഉറപ്പാക്കുന്നു. പദ്ധതിയുടെ ഗുണം ഏറെ ലഭിക്കുക കാസർകോട് മണ്ഡലത്തിലുള്ളവർക്കാണ്. യുഡിഎഫ് കാൽനൂറ്റാണ്ടിലേറെ കാലം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും ഒന്നും ചെയ്തില്ല. മണ്ഡലം പുനർനിർണയിച്ചതോടെ ബാവിക്കര ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഉദുമ മണ്ഡത്തിലായി. കെ കുഞ്ഞിരാമൻ എംഎൽഎയുടെയും സംസ്ഥാന സർക്കാരിന്റെയും പ്രത്യേക ഇടപെടലിലാണ് ഇപ്പോഴത്തെ പദ്ധതി പ്രാവർത്തികമായത്. പയസ്വിനി-, കരിച്ചേരി പുഴകളുടെ സംഗമ സ്ഥാനമായ ആലൂർ മുനമ്പത്ത് ചെറുകിട ജലസേചന വകുപ്പ് 27.75 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തടയണയ്ക്കു തയാറാക്കിയത്. 2017 ൽ അനുമതികൾ ലഭിക്കുകയും 2018 ഒക്ടോബർ നാലിന് നിർമാണം ആരംഭിക്കുകയുംചെയ്തു. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ നിർമാണം നിൽക്കുന്ന അവസ്ഥ വന്നപ്പോൾ സർക്കാർ ഇടപെടലിൽ വേഗത്തിൽ പ്രവൃത്തി പൂർത്തീകരിച്ചു. സംഭരണിയിൽ വേനൽക്കാലത്ത് ജലനിരപ്പ് താഴാതെ നിൽക്കുകയും ഉപ്പു വെള്ളം കയറുന്നത് തടയുകയും ചെയ്യുന്നു. വേനലിൽ ഉപ്പുവെള്ളം കുടിക്കേണ്ട ദുരവസ്ഥയുള്ള കാസർകോട് നഗരസഭ, മുളിയാർ, ചെങ്കള, മധൂർ, മൊഗ്രാൽ പുത്തൂർ പഞ്ചായത്തുകളിലെ ഒരുലക്ഷത്തിലേറെ ഉപഭോക്താക്കളുടെ ദുരിതത്തിനും പരിഹാരമായി. 2005-ൽ തുടങ്ങി രണ്ടുതവണ കരാറുകാർ ഉപേക്ഷിച്ച പദ്ധതി പ്രദേശം 30 വർഷത്തോളം പ്ലാസ്റ്റിക് ചാക്കുകൾ കൊണ്ടുള്ള താൽക്കാലിക തടയണ നിർമിച്ച് വെള്ളം പമ്പ് ചെയ്യുകയായിരുന്നു. പ്ലാസ്റ്റിക് ചാക്കുകൾ വിരിക്കാനും നീക്കം ചെയ്യാനും പത്ത് ലക്ഷം രൂപ എല്ലാ വർഷവും ചെലവഴിച്ചു. എന്നാലും വെള്ളം താഴ്ന്നാൽ ഉപ്പ് വെള്ളമാണ് പൈപ്പുകളിൽ എത്തിയിരുന്നത്. ഈ സ്ഥിതി മാറാനും എല്ലാ സമയവും ജനങ്ങൾക്ക് നല്ല വെള്ളം ലഭിക്കാനും എൽഡിഎഫ് സർക്കാർ ഇടപെടൽ കൊണ്ടായി. ജില്ലയിലെ കൂടുതൽ പഞ്ചായത്തിലേക്ക് കുടിവെള്ള വിതരണം ഇവിടെ നിന്ന് നൽകാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്.









0 comments