ad
Deshabhimani

ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍

ഇവിടം സ്വര്‍ഗമാണ്, ഉയരെ പറക്കാൻ

ചാലിങ്കാല്‍ മൊട്ടയിലെ   മഹാത്മ മോഡല്‍  ബഡ്‌സ് സ്‌കൂളിലെ കുട്ടികളും അധ്യാപകരും ജീവനക്കാരും
avatar
ടി കെ പ്രഭാകരന്‍

Published on Feb 28, 2026, 03:00 AM | 2 min read

​പെരിയ

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കമുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഒരു മാതൃകാവിദ്യാലയം പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍ മൊട്ടയിലുണ്ട്. പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ പേര് മഹാത്മ മോഡല്‍ ബഡ്‌സ് സ്‌കൂള്‍ എന്നാണ് . ശാരീരികമായും മാനസികമായും പ്രയാസങ്ങളനുഭവിക്കുന്ന കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകരുക മാത്രമല്ല, അവരുടെ കലാപരവും കായികപരവുമായ കഴിവുകള്‍ വികസിപ്പിക്കുന്ന നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ ഈ സ്‌കൂളില്‍ നടപ്പിലാക്കുന്നത്. 2011 മാര്‍ച്ച് 22ന് പെരിയ കമ്മ്യൂണിറ്റി ഹാളിലാണ് ബഡ്‌സ് സ്‌കൂളിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. ഇവിടത്തെ സ്ഥലപരിമിതി ഒരു പ്രശ്‌നമായിരുന്നു. തുടര്‍ന്ന് ചാലിങ്കാല്‍ മൊട്ടയില്‍ സ്ഥലം കണ്ടെത്തി . 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ കെട്ടിടനിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കി. മുന്‍ എം പി പി കരുണാകരനാണ് ഇതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയിലുള്‍പ്പെടുത്തി നബാര്‍ഡില്‍ നിന്ന് അനുവദിച്ച 1.45 കോടി രൂപ ചിലവഴിച്ചായിരുന്നു നിര്‍മാണം.2016 നവംബര്‍ 4ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ആധുനിക സൗകര്യങ്ങളുള്ള സ്‌കൂള്‍ നാടിന് സമര്‍പ്പിച്ചത്. ഒന്നാംക്ലാസ് മുതല്‍ പ്ലസ്ടുവരെയാണ് പഠനം. കലാപരമായും കായികപരമായ പരിശീലനവും ഐ ലീഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18 വയസിന് മുകളില്‍ പ്രായമുള്ള ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനവും നല്‍കുന്നു. ഇവിടെ പഠനവും പരിശീലനവും സ്വായത്തമാക്കിയ നിരവധി കുട്ടികള്‍ക്ക് വിവിധ മേഖലകളില്‍ ജോലി നൽകുന്നുവെന്ന്‌ പ്രധാനാധ്യാപിക ദീപ പേരൂര്‍ പറഞ്ഞു. സ്‌പെഷ്യല്‍ അയല്‍ക്കൂീട്ടം വഴി രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കി ജോലി തരപ്പെടുത്തുന്നു. സ്‌കൂള്‍ കെട്ടിടത്തില്‍ ഫിനോയില്‍ യൂണിറ്റും ചവിട്ടി നിര്‍മ്മാണയൂണിറ്റുമുണ്ട്‌. 80 കുട്ടികളിവിടെയുണ്ട്‌. 60 കുട്ടികള്‍ നേരിട്ട് സ്‌കൂളിലെത്തി പഠനം നടത്തുന്നു. ശാരീരിക വിഷമതകള്‍ കാരണം സ്‌കൂളിലേക്ക് വരാനാകാത്തവരെ അധ്യാപകര്‍ വീടുകളില്‍ പോയി പഠിപ്പിക്കുന്നു. കൂടുതല്‍ പരിചരണവും ചികില്‍സയും ആവശ്യമുള്ള കുട്ടികള്‍ക്ക് അതിനുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌പെഷ്യല്‍ എഡ്യുക്കേറ്ററും സ്പീച്ച് , ഫിസിയോ തെറാപ്പിസ്റ്റുകളുടെ സേവനവുമുണ്ട്‌. പ്രധാനാധ്യാപിക ഉള്‍പ്പെടെ എട്ട് അധ്യാപകരുടെ സേവനമാണ് ബഡ്‌സ് സ്‌കൂളിലുള്ളത്കലാകായിക പ്രവര്‍ത്തനങ്ങളും മാനസികോല്ലാസം കൂടി ലക്ഷ്യമിട്ടുള്ള പഠനയാത്രകളും ഭിന്നശേഷി കുട്ടികള്‍ക്കായി ഒരുക്കുന്നു. പുല്ലൂര്‍ -പെരിയ പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള തുകയും വിദ്യാഭ്യാസ വകുപ്പില്‍ നിന്നും സാമൂഹ്യസുരക്ഷാ മിഷനും നല്‍കുന്ന സാമ്പത്തിക-സാമ്പത്തികേതര സഹായങ്ങളുമാണ് ബഡ്‌സ് സ്‌കൂളിനെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home