Deshabhimani

കല്ലളിയിൽ ഹൈടെക് ആട് ഫാം റെഡി ആദായത്തിലേക്ക്‌ ആടുവഴി

കല്ലളിയിൽ നിർമിച്ച ബേഡഡുക്ക ഗവ. ആട് ഫാം
avatar
ഡി വിൻലാൽ

Published on Oct 18, 2025, 03:00 AM | 1 min read

കൊളത്തൂർ‌ ആടും ആടലോടകവും തിരിച്ചറിയാതെയല്ല, കൃത്യമായ ധാരണയോടെയാണ്‌ ബേഡഡുക്ക കല്ലളിയിൽ ഹൈടെക്‌ ആട്‌ ഫാം ഒരുങ്ങുന്നത്‌. മികച്ച പ്രതിരോധ ശേഷിയുള്ള കേരളത്തിന്റെ സ്വന്തം ജനുസായ മലബാറി ആടുകളെയാണ്‌ ഫാമിൽ ആദ്യം വളർത്തുക. പരിമിതസൗകര്യങ്ങളിൽ അൽപ വിഭവങ്ങൾകൊണ്ട് ഏതൊരാൾക്കും വളർത്താമെന്നതാണ്‌ ആടുളർത്തലിന്റെ ഗുണമെങ്കിലും കല്ലളിയിൽ ആടുകൾക്ക്‌ ഹൈടെക്‌ സ‍ൗകര്യങ്ങളാണ്‌ ഒരുക്കുക. വളര്‍ച്ചാ നിരക്ക്, പ്രായമനുസരിച്ചുള്ള ശരീരഭാരം, പ്രജനന നിരക്ക്, പ്രത്യുല്‍പ്പാദനശേഷി തുടങ്ങിയ മിക്ക സ്വഭാവങ്ങളിലും കേരളത്തിന്റെ കാലാവസ്ഥയില്‍ മലബാറി ആടുകൾ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നതിനാലാണ്‌ മലബാറി ആടുകളെ ആദ്യ ഘട്ടത്തിൽ ഹൈടെക്‌ ആട്‌ ഫാമിൽ വളർത്തുന്നതെന്ന്‌ സ്‌പെഷൽ ഓഫീസർ ഡോ. എസ്‌ രാജു പറഞ്ഞു.ശാസ്ത്രീയമായ രീതിയിൽ പരിപാലിക്കപ്പെടുന്ന മലബാറി ആടുകള്‍ രണ്ടുകൊല്ലത്തില്‍ മൂന്നുപ്രാവശ്യം പ്രസവിക്കും. 50 ശതമാനത്തിലധികം പ്രസവങ്ങളിലും രണ്ട് കുട്ടികളുണ്ടാകും. രണ്ടാംഘട്ടത്തിൽ ബീറ്റൽ, സിരോഹി, ജമ്നാപ്യാരി, ഹൈദരാബാദി, ബംഗളൂരു ലോങ് ഇയർ ഗോട്ട് തുടങ്ങി മിക്ക ഇനം ആടുകളെയും വളർത്താനുള്ള സ‍ൗകര്യങ്ങളും ഒരുക്കി. ഫാം 30ന് രാവിലെ 11ന് കല്ലളിയിൽ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ വകുപ്പിന്റെ 22.75 ഏക്കറിൽ മൃഗസംരക്ഷണ വകുപ്പിന്റെയും കാസർകോട് വികസന പാക്കേജിന്റെയും ധനസഹായത്തിൽ 3.95 കോടി രൂപ ചെലവഴിച്ചാണ് ഫാം നിർമാണം പൂർത്തിയാക്കിയത്. പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് ആധുനിക സൗകര്യങ്ങളുള്ള 200 ആടുകളെ ഒന്നിച്ച് നിർത്താവുന്ന ആട് ഷെഡും അനുബന്ധ സൗകര്യങ്ങളും ഓഫീസ് കെട്ടിടവും ചുറ്റുമതിലും നിർമിച്ചു. ആറുമുതൽ ഒന്പതുമാസം വരെ പ്രായമുള്ള 190 പെണ്ണാടുകൾ, 10 മുട്ടൻ ആടുകൾ എന്നിവയാണ് തുടക്കത്തിൽ വാങ്ങുക. ആദ്യം 200 ആടുകളും പിന്നീട് 1000 ആടുകളും എന്ന ടാര്‍ജറ്റില്‍ എത്താനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. രോഗബാധിതരായ ആടുകളെ ശുശ്രൂഷിക്കാനും ഗർഭിണികളായ ആടുകൾക്കും കുഞ്ഞുങ്ങൾക്കുമായി പ്രത്യേകം സൗകര്യം ഫാമിലുണ്ട്. സമൃദ്ധമായ തീറ്റ ഉറപ്പാക്കി ആടുകൾക്കാവശ്യമായ ഭക്ഷണങ്ങളും ഇവിടെതന്നെ ഉൽപാദിപ്പിക്കും. പുല്ലിനായി ബേഡഡുക്ക പഞ്ചായത്ത്‌ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധയിനം പുല്ലുകൾ കൃഷി ചെയ്യുന്നു. സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായാണ്‌ പദ്ധതി വേഗത്തിൽ പൂർത്തീകരിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home