ad
Deshabhimani

അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ ഇകഴ്‌ത്തി പ്രചാരണം വ്യാജ വാർത്ത നൽകി വെട്ടിലായി കോൺഗ്രസ്‌

കുഴിങ്ങാട് തട്ട് ഉന്നതിയിലെ കാർത്യായനിക്ക് പിഎംഎവൈ പദ്ധതിയിൽ നിർമിക്കുന്ന വീട്
avatar
പി കെ രമേശൻ

Published on Nov 07, 2025, 03:00 AM | 1 min read

വെള്ളരിക്കുണ്ട് സർക്കാരിന്റെ അതിദാരിദ്ര മുക്ത പ്രഖ്യാപനത്തെ ഇകഴ്ത്തിക്കാട്ടാൻ വാർത്താ ചാനലുകളെ ഉപയോഗിച്ച് നടത്തിയ പ്രചാരണം കോൺഗ്രസിന് തിരിച്ചടിയായി. ബളാൽ പഞ്ചായത്തിലാണ് അതിദാരിദ്രത്തിൽ കഴിയുന്ന കുടുംബമുണ്ടെന്ന്‌ പറഞ്ഞ്‌ വസ്തുതാ വിരുദ്ധമായ വാർത്ത ചാനലുകളിൽ നൽകി പ്രചരിപ്പിച്ചത്. സർക്കാർ പദ്ധതിയിൽ വീടുൾപ്പെടെയുള്ള ആനുകൂല്യം ലഭിക്കുന്ന കുടുംബത്തെയാണ് ഇതിനായി ഉപയോഗിച്ചത്. എന്നാൽ സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുമ്പോഴും റോഡും കുടിവെള്ള സൗകര്യവുമൊരുക്കാത്ത യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ വീഴ്ചയാണ് നാട്ടിൽ ചർച്ചയാകുന്നത്. ഇത് സർക്കാരിന്റെ മേൽ കെട്ടിവെക്കാനായിരുന്നു കോൺഗ്രസ്‌ ശ്രമം. നാളിതുവരെ കോൺഗ്രസ് മാത്രം ഭരിക്കുന്ന ബളാൽ പഞ്ചായത്തിലെ കുഴിങ്ങാട് തട്ട് ഉന്നതിയിലെ രാജകുമാരിയും കുടുംബവും അതിദാരിദ്രത്തിൽ കഴിയുന്നുവെന്ന വാർത്ത തെറ്റാണെന്നും കുടുംബത്തിന് അർഹമായ സർക്കാർ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നും അവർതന്നെ വ്യക്തമാക്കുന്നു. രാജകുമാരിയും രണ്ട് മക്കളും അമ്മ കാർത്യായനിയും അടങ്ങുന്ന കുടുംബത്തിന് റേഷൻ കാർഡുണ്ട്. കുടുംബനാഥയായ കാർത്യായനിക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ പിഎംഎവൈ പദ്ധതി പ്രകാരം ലഭിച്ച വീടിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. കോൺക്രീറ്റ് ജോലി രണ്ടാഴ്ച മുമ്പാണ് പൂർത്തിയായത്. രാജകുമാരിയുടെ സഹോദരി ദേവിക്ക് 2016ൽ പട്ടികവർഗ വകുപ്പ് നിർമിച്ച നൽകിയ വീട്ടിലാണ് കുടുംബം താൽക്കാലികമായി കഴിയുന്നത്. രാജകുമാരിയുടെ ഭർത്താവ് മൂന്ന് മാസം മുമ്പാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്ക് പതിവായി പോയിരുന്ന രാജകുമാരി അടുത്തിടെയാണ് ജോലിക്ക് പോവുന്നത് നിർത്തിയത്. അമ്മ കാർത്യായനിക്ക് ക്ഷേമ പെൻഷൻ മുടങ്ങാതെ ലഭിക്കുന്നു. കാർത്യായനിയുടെ പേരിൽ അര ഏക്കർ സ്ഥലവുമുണ്ട്. കൂടാതെ രാജകുമാരിയുടെ സഹോദരൻ സേതുവിന് ആദിവാസി പുനരധിവാസ മിഷൻ പദ്ധതിയിൽ കരിന്തളത്ത് ഒരേക്കർ ഭൂമി പതിച്ച് നൽകി വീട് നിർമിച്ച് കുടിവെള്ളം, വൈദ്യുതി, കൃഷി ഉപകരണങ്ങൾ ഉൾപ്പെടെ ലഭ്യമാക്കിയിട്ടുണ്ട്. ബളാൽ പഞ്ചായത്തിലെ മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ വൈസ് പ്രസിഡന്റുമായ എം രാധാമണിയാണ് കുഴിങ്ങാട്ട് മല ഉൾപ്പെടുന്ന വാർഡിനെ പ്രതിനിധീകരിക്കുന്നത്. പ്രദേശത്തേക്ക് യാത്രാ സൗകര്യമില്ലാത്തതും കുടിവെള്ള പ്രശ്നവുമാണ് ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. പഞ്ചായത്ത് ഇടപെട്ട് പരിഹരിക്കേണ്ട ഇ‍ൗ പ്രശ്നങ്ങൾ ഇതുവരെ പരിഹരിച്ചില്ല. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന്റെ വീഴ്ച മറച്ചുവയ്‌ക്കാനാണ്‌ സർക്കാരിനെതിരായി തെറ്റായ പ്രചാരണം നടത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home