Deshabhimani

നിർമാണം പൂർത്തിയായി വികസന പാതയിൽ തിളങ്ങി ചൊട്ട പാലം

കിഫ്‌ബിയിൽ 18.30 കോടി രൂപ ചെലവിട്ട് നിർമാണം പൂർത്തിയായ 
പയസ്വിനി പുഴയിലെ ചൊട്ട പാലം
avatar
ഡി വിൻലാൽ

Published on Jan 22, 2026, 03:01 AM | 1 min read

കുണ്ടംകുഴി കിഫ്‌ബി പദ്ധതിയിൽ 18.30 കോടി രൂപ ചെലവിൽ പയസ്വിനി പുഴയിൽ നിർമിച്ച ചൊട്ട പാലം ഒരുങ്ങി. പാലത്തിലൂടെ വാഹനങ്ങൾ സഞ്ചരിച്ചുതുടങ്ങി. മുളിയാർ, ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. പാലം വന്നതോടെ മുളിയാർ പഞ്ചായത്തിലെ ഇരിയണ്ണിയിൽനിന്നും ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴിയിലേക്കുള്ള റോഡ് ദൂരം ആറ്‌ കിലോമീറ്ററായി കുറയും. ബേഡഡുക്ക പഞ്ചായത്തിലെ ജനങ്ങള്‍ക്ക്‌ കാസർകോട്ടേക്ക് തെക്കിൽ ആലട്ടി റോഡിലൂടെ കരിച്ചേരി പൊയിനാച്ചി വഴി പോകാതെ കുറ്റിക്കോൽ ബോവിക്കാനം റോഡിലൂടെ ഏഴ് കിലോമീറ്റർ ദൂരം കുറഞ്ഞുകിട്ടും. കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിലേക്കും കർണാടകയിലെ സുള്ള്യ, പുത്തൂർ, മംഗളൂരു ഭാഗത്തേക്കും എളുപ്പവഴിയായി പാലം മാറും. എൽഡിഎഫ്‌ സർക്കാരിന്റെ വികസനനേട്ടങ്ങളിൽ പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ്‌ പാലം. സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ ഇടപെടലും പാലം യാഥാർഥ്യമായതിന്‌ പിന്നിലുണ്ട്‌. ​വർഷങ്ങളായി ചൊട്ടയിൽനിന്നും പുഴക്കക്കരെ എത്താൻ കടത്തുതോണിയാണ് ഉപയോഗിച്ചിരുന്നത്. കുണ്ടംകുഴി – പായം വഴിയുള്ള റോഡ് വികസിച്ചതും വാഹന സ‍ൗകര്യം വർധിച്ചതും കാരണം തോണി യാത്രക്കാർ കുറഞ്ഞു. എന്നാൽ പുഴ കടന്ന് പെട്ടെന്ന് എത്താവുന്ന ഇരിയണ്ണിയിലേക്കും ബോവിക്കാനത്തേക്കും പായം വഴി കറങ്ങി തിരിഞ്ഞ് പോകേണ്ട അവസ്ഥയായിരുന്നു. ആശുപത്രി ഉൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾക്ക് കാസർകോട്, മംഗളൂരു എന്നിവിടങ്ങളിൽ എത്താനും പ്രയാസമായിരുന്നു. എന്നാൽ പാലം വന്നതോടെ നാടിന്റെ നീണ്ടകാലത്തെ സ്വപ്നം സഫലമായി. ​ആദ്യം തൂക്കു പാലമായിരുന്നു ഇവിടെ ആലോചിച്ചത്. പിന്നീട് തൂക്കുപാലത്തിനും നടപ്പാതയ്ക്കും എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നുവെങ്കിലും പല കാരണങ്ങളാൽ നീണ്ടുപോയി. യാത്രാദൂരം കുറഞ്ഞത് പ്രദേശത്തെ അടക്കാ കർഷകർക്ക് എളുപ്പത്തിൽ മുള്ളേരിയയിൽ എത്തി അടക്ക വില്പന നടത്താനും ഏറെ പ്രയോജനപ്പെടും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home