പരിചിത വഴികളിൽ സ്നേഹം പങ്കിട്ട്

ഡി വിൻലാൽ
Published on Nov 20, 2025, 03:00 AM | 1 min read
കുറ്റിക്കോൽ ‘‘മ്മളല്ലാതെ വേറാരാ സാബൂ ജയിക്കുക, പാവപ്പെട്ടവർക്കുള്ള ക്ഷേമ പെൻഷൻ 2000 രൂപയാക്കിയ സർക്കാരിനെയും പാർടിയെയും മറക്കാനാകുമോ. എന്റെ് വോട്ട് ഉറപ്പാമോനെ’’– കൈ ചേർത്ത് പിടിച്ച് കുടുംബശ്രീ ന്യൂട്രിമിക്സ് നിർമാണത്തൊഴിലാളിയായ ടി ജാനകിയേട്ടി ഇതുപറഞ്ഞപ്പോൾ കൂടെയുണ്ടായ തൊഴിലാളി സ്ത്രീകൾ ഒരേസ്വരത്തിൽ പറഞ്ഞു– ‘വിജയമല്ലാതെ മറ്റൊന്നില്ല. വൻഭൂരിപക്ഷത്തിലാകും ജയം’. കുറ്റിക്കോൽ എ കെ ജി മന്ദിരത്തിൽ നടന്ന തൊഴിലാളി സംഗമത്തിനെത്തിയവരെല്ലാം ചേർത്തുനിർത്തി വിജയാശംസയർപ്പിച്ചപ്പോൾ ജില്ലാ പഞ്ചായത്ത് കുറ്റിക്കോൽ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി സാബു അബ്രഹാം നിറഞ്ഞ പുഞ്ചിരിയോടെ എല്ലാവർക്കും അഭിവാദ്യമേകി. വിശേഷങ്ങൾ പങ്കിട്ട് ഒൗപചാരികതകളില്ലാെതെ, പ്രത്യേകിച്ച് വോട്ടഭ്യർഥനയൊന്നുമില്ലാതെ ഒരൊത്തുചേരൽ. തൊഴിലാളി സംഘടനാനേതാവായതിനാൽ എല്ലാവരുടെയും പ്രിയപ്പെട്ടവർ. വിദ്യാർഥി സംഘടനാ പ്രവർത്തനകാലം മുതൽ കുറ്റിക്കോലിന് ചിരപരിചിതനാണ് സ്ഥാനാർഥി. വർഗബഹുജന സംഘടനകളിലെ നിറഞ്ഞ സാന്നിധ്യമായതിനാൽ പ്രത്യേക പരിചയപ്പെടുത്തൽ ആവശ്യമില്ല. തൊഴിലാളി സംഗമത്തിനുശേഷം കുറ്റിക്കോൽ ടൗണിൽ വോട്ടഭ്യർഥിച്ച സ്ഥാനാർഥിക്ക് എങ്ങും സ്നേഹനിർഭര വരവേൽപ്. ഒരുചിരിയകലത്തിൽ അദ്ദേഹം ഓട്ടോ, ചുമട്ടുതൊഴിലാളികളോടും വ്യാപാരികളോടും വോട്ടഭ്യർഥിച്ചു. കുറ്റിക്കോൽ എ കെ ജി മന്ദിരത്തിൽ നടന്ന തൊഴിലാളി സംഗമം സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി മണിമോഹൻ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറിമാരായ ഗിരികൃഷ്ണൻ, കെ രവീന്ദ്രൻ, സിപിഐ എം ഏരിയാ സെക്രട്ടറി സി രാമചന്ദ്രൻ, സിഐടിയു ജില്ലാ കമ്മറ്റിയംഗം കെ മോഹനൻ സംസാരിച്ചു. എൻ ടി ലക്ഷ്മി സ്വാഗതം പറഞ്ഞു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ കുറ്റിക്കോൽ, പടുപ്പ്, മുന്നാട്, പരപ്പ ബ്ലോക്കിലെ പനത്തടി, പാണത്തൂർ ഡിവിഷനുകൾ ഉൾപ്പെട്ടതാണ് കുറ്റിക്കോൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ. സ്ഥാനാർഥി വ്യാഴാഴ്ച രാവിലെ 9.30ന് മുന്നാട് പീപ്പിൾസ് കോളേജ്, മുന്നാട് ടൗൺ, ബന്തടുക്ക ടൗൺ എന്നിവിടങ്ങളിൽ വോട്ടുതേടും.









0 comments