പോരായ്‌മ പരിഹരിക്കും; മുന്നേറും: എം രാജഗോപാലൻ

കാസർകോട്
വീഴ്‌ചകളും പോരായ്‌കളും പരിഹരിച്ചത് ജില്ലയിൽ സിപിഐ എമ്മിനെ എല്ലാതലത്തിനും കൂടുതൽ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ പറഞ്ഞു. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ അടിത്തറ വിപുലീകരിക്കാനും പാർടിയെ കൂടുതൽ കരുത്തുറ്റതാക്കാനുള്ള ക്രിയാത്മകമായ ചർച്ചകളും നിർദേശങ്ങളുമാണ് രണ്ട് ദിവസമായി നടന്ന വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലുണ്ടായത്. ബഹുജനങ്ങളുമായി ബന്ധം കൂടുതൽ ദൃഢപ്പെടുത്തുന്നതിന് പാർടി നേതാക്കൾ ഉൾപ്പെടെ എല്ലാ തലത്തിലുമുള്ള പ്രവർത്തകർ എല്ലാ മാസവും നിശ്‌ചിത ദിവസം ഗൃഹസന്ദർശനം നടത്താൻ യോഗം തീരുമാനിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും ഏരിയാ കമ്മിറ്റി അംഗങ്ങളുടെയും സ്വത്ത് വിവരങ്ങളും ബാധ്യതയും സംബന്ധിച്ച് സമയ ബന്ധിതമായി പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇത് അടുത്ത മാസം തുടങ്ങും. ബ്രാഞ്ച്, ലോക്കൽ സെക്രട്ടറിമാർക്ക് പ്രത്യേക പഠന പരിശീലന പരിപാടി നടപ്പാക്കും. ന്യൂനപക്ഷ, പട്ടികജാതി, പട്ടികവർഗമേഖലയിലെ ഇടപെടൽ കാര്യക്ഷമമാക്കും. ജില്ലയുടെ വടക്കൻ മേഖലയിൽ പാർടിയുടെയും വർഗ ബഹുജന സംഘടനകളുടെയും അടിത്തറ വിപുലീകരിക്കാൻ പദ്ധതി തയ്യാറാക്കും. ആളുകൾ ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയുടെ സ്വാധീനവലയത്തിൽപെട്ടുപോകാതിരിക്കാൻ ജാഗ്രതയോടെയുള്ള പ്രവർത്തനം നടത്തും. പുതിയ കാലത്ത് പുതുതലമുറയെ അഭിസംബോധന ചെയ്യാൻ പറ്റുന്നവിധത്തിൽ പാർടിയെ സജ്ജമാക്കും. ചരിത്ര പഠനയാത്രകൾ സംഘടിപ്പിച്ച് പുതിയ തലമുറയെ പാർടിയുമായി അടുപ്പിക്കും. വർഗബഹുജനസംഘടനകളുടെ പ്രവർത്തനവും ശക്തമാക്കും. ഇതിനായി യൂണിറ്റ് തലത്തിൽ ഇടപെടൽ നടത്തും. സാംസ്‌കാരിക രംഗത്തുള്ള ഇടപെടലും വർധിപ്പിക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി സതീഷ്‌ചന്ദ്രൻ, സി എച്ച് കുഞ്ഞന്പു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments