കോന്നിയ്ക്ക് "രാജകീയ' ചരിത്രം

ഷാഹീർ പ്രണവം
Published on Sep 10, 2026, 12:05 AM | 1 min read
കോന്നി
ചരിത്രം അന്വേഷിച്ചാൽ കോന്നിയുടെ ബന്ധം രാജവാഴ്ചയുമായി ചേർന്നുകിടക്കുന്നതാണെന്ന് വ്യക്തമാകും. സ്വാഭാവികമായി ആ പേര് വന്നതിനുപിന്നിലും ഇൗ ബന്ധം തന്നെ. മുൻകാലത്ത് കോന്നിയൂർ എന്നായിരുന്നു കോന്നിയുടെ പേര്. രാജാവ് പാർക്കുന്ന ഗ്രാമം എന്ന് അർഥമുള്ള "കോൻ ടി ഊർ' എന്ന തമിഴ് വാക്കിൽ നിന്നാണ് കോന്നിയൂർ എന്ന സ്ഥലനാമവും തുടർന്ന് കോന്നിയും ഉണ്ടായത്. പന്തളത്തിന്റെയും പന്തളം രാജവംശത്തിന്റെയും പൂർവചരിത്രവുമായി കോന്നിയുടെ ചരിത്രം ബന്ധപ്പെട്ടുകിടക്കുന്നു.
പന്തളം രാജകുടുംബാംഗങ്ങളുടെ പൂർവികർ മധുര ഉപേക്ഷിച്ചപ്പോൾ അതിലെ ചെമ്പഴന്നൂർ ശാഖക്കാർ ശിവഗിരി (തമിഴ്നാട്) എന്ന ഗ്രാമത്തിൽ താമസം തുടങ്ങി. അക്കാലത്ത് വേണാട് രാജാക്കന്മാരുടെ സഹകരണവും അവരുമായി വിവാഹബന്ധങ്ങളും ഉണ്ടായി. ആ സാഹചര്യത്തിൽ വേണാടിന്റെ സഹായത്തോടെ അവർ അച്ചൻകോവിൽ, കോന്നിയൂർ എന്നിവിടങ്ങളിൽ താമസിച്ചു. അച്ചൻകോവിലിൽനിന്ന് പടിഞ്ഞാറേക്കുനീങ്ങിയ ചെമ്പഴന്നൂർ ശാഖക്കാർ തുറ എന്ന സ്ഥലത്തെത്തി അച്ചൻകോവിലാറിനുകുറുകെ കടന്ന് കരിപ്പാൻതോട്, നടുവത്തുമൂഴി, വയക്കര, കുമ്മണ്ണൂർ, ആനകുത്തിവഴി മഞ്ഞക്കടമ്പ് എത്തിച്ചേർന്നു. ഒരു കോയിക്കലാണ് (ചെറിയ കൊട്ടാരം) അവിടെ ആദ്യം പണിയിച്ചത്. കൂടുതൽ ആളുകൾ വന്നുചേർന്നതോടെ പുതിയ കോയിക്കലുകൾ നിർമിച്ചു. കളരിപരിശീലനം നൽകുന്നതിന് അയിരമണ്ണിൽ (ഐരവൺ) കളരി സ്ഥാപിച്ചു. പരിശീലനത്തിനിടയിൽ പരിക്കേൽക്കുന്നവർക്കുള്ള ചികിത്സയ്ക്കായി വൈദ്യന്മാരെയും പാർപ്പിച്ചു. കോന്നിയുമായി ചേർന്നുകിടക്കുന്ന പ്രദേശങ്ങളുടെയെല്ലാം സ്ഥലനാമങ്ങൾ ഇൗ ചരിത്രത്തിന്റെ ഭാഗമാണ്.
മല്ലയുദ്ധം പരിശീലിപ്പിച്ചിരുന്നവരുടെ മല്ലശേരി, വാൾമുട്ട് അഥവാ വാൾപ്പയറ്റ് അഭ്യസിച്ചിരുന്ന വാഴമുട്ടം, ലാക്ക് നോക്കി അമ്പെയ്ത്ത് പരിശീലിച്ചവരുടെ ളാക്കൂർ എന്നിങ്ങനെ പോകുന്നു ചരിത്രംപറയുന്ന കഥകൾ.










0 comments