ad
Deshabhimani

ചേരിക്കൽ ഗവ. എൽപിഎസ്‌ ഇനി എം എൻ ഗോവിന്ദൻ നായരുടെ സ്‌മാരകം

Photo
avatar
എം  സുജേഷ്

Published on Feb 21, 2026, 12:05 AM | 1 min read



പന്തളം

ചേരിക്കൽ ഗവ. എൽപി സ്കൂൾ ഇനി ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് എം എൻ ഗോവിന്ദൻ നായരുടെ സ്‌മാരകമായി അറിയപ്പെടും. ഇതിനുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ്‌ ഇറക്കി. ചേരിക്കൽ ശ്രദ്ധാനന്ദവിലാസം ഗവ. എൽപി സ്കൂളാണ് സ്വാതന്ത്ര്യ സമര സേനാനിയും മുൻമന്ത്രിയുമായ എം എന്റെ സ്മാരകമായി ഇനി അറിയപ്പെടുക.

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ആഘോഷത്തിന് 1937 ജനുവരി 20ന് ഗാന്ധിജി കേരളത്തിലെത്തിയപ്പോൾ ചേരിക്കലിൽ എം എൻ ഗോവിന്ദൻ നായരുടെ നേതൃത്വത്തിൽ സ്ഥാപിച്ച സ്കൂളിന്റെ ഉദ്ഘാടനം നടത്താൻ എം എൻ ഗാന്ധിജിയെ ചേരിക്കലേക്ക് ക്ഷണിച്ചു. ഈ അഭ്യർഥന മാനിച്ച് ഗാന്ധിജി ചേരിക്കലിൽ സന്ദർശിച്ച് ശ്രദ്ധാനന്ദ വിലാസം എൽപി സ്കൂൾ ഉദ്ഘാടനം ചെയ്തു. ചേരിക്കൽ സ്വദേശിയായ തേവ പുലയൻ എന്നയാൾ സൗജന്യമായി നൽകിയ അരയേക്കർ ഭൂമിയിൽ പണം സമാഹരിച്ച് സ്കൂൾ കെട്ടിടം പണിയുകയും ഇവിടെ അധ്യാപകരെ നിയമിക്കുകയും സർക്കാരിന്റെ അംഗീകാരവും ഗ്രാന്റും നേടിയെടുക്കുകയും ചെയ്തത് സ്കൂൾ പ്രഥമ മാനേജരായിരുന്ന എം എൻ ഗോവിന്ദൻ നായരുടെ നേതൃത്വത്തിലായിരുന്നു.

ഗാന്ധിജിയും എംഎന്നും ചേരിക്കൽ ശ്രദ്ധാനന്ദ വിലാസം എൽപി സ്കൂളും തമ്മിലുള്ള ബന്ധത്തിന്റെയടിസ്ഥാനത്തിൽ പന്തളത്തെ എം എൻ ഫാമിലി ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ. ആർ രാജീവിന്റെ നേതൃത്വത്തിൽ ഗവ. എൽപി സ്കൂളിന്‌ എംഎന്റെ പേര് നൽകണമെന്ന അഭ്യർഥന വിദ്യാഭ്യാസമന്ത്രിക്ക് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോൾ മന്ത്രി വി ശിവൻകുട്ടി ചേരിക്കൽ ഗവ. എൽപി സ്കൂളിന് എം എൻ സ്‌മാരകമെന്ന പേര് നൽകിയതായി ഉത്തരവിറക്കിയത്. 2027ൽ ഈ സ്കൂൾ നവതിയിലേക്ക് കടക്കുകയാണ്.

ചിത്രം: എം എൻ സ്മാരകമായി പ്രഖ്യാപിച്ച ചേരിക്കൽ ശ്രദ്ധാനന്ദ വിലാസം ഗവ. എൽ പി സ്കൂൾ




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home