ഏഴംകുളം – കൈപ്പട്ടൂർ റോഡ് നിർമാണം പൂർത്തിയായി
വികസനമീവഴി

ജി സതീശൻ
Published on Oct 20, 2025, 12:05 AM | 2 min read
കൊടുമൺ
കിഫ്ബി ഫണ്ടിൽ നിന്നും 64 കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ച ഏഴംകുളം കൈപ്പട്ടൂർ റോഡ് 23ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പകൽ 2.30ന് കൊടുമൺ ജങ്‌ഷനിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനാകും. ഏഴംകുളം, കൊടുമൺ വഴി കൈപ്പട്ടൂരിൽ എത്തുന്ന 9.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് 10 മീറ്റർ വീതിയിൽ രണ്ട് വരിപ്പാതയായിട്ടാണ് നിർമിച്ചിട്ടുള്ളത്. പത്തനംതിട്ടയിൽ നിന്നും കൈപ്പട്ടൂർ, ചന്ദനപ്പള്ളി, കൊടുമൺ ഏഴംകുളം വഴി അടൂരിൽ എത്തുന്ന പ്രധാന പാതകളിലൊന്നാണിത്. ജില്ലയിലെ തന്നെ പഴക്കം ചെന്ന റോഡുകളിലൊന്നുമാണ്. നവീകരണത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന പഴക്കം ചെന്ന കലുങ്കുകളും പാലങ്ങളും പുനർനിർമിച്ചു. ഏഴംകുളം കനാൽപ്പാലം കൊടുമൺ സ്റ്റേഡിയത്തിനു സമീപമുള്ള പാലവും വാഴവിളപ്പാലവും പുതുക്കിപ്പണിതു. നിർമാണത്തിന്റെ ഭാഗമായി 24 പുതിയ കലുങ്കുകളും നിർമിച്ചു. ബി എം ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്ത് റോഡ് അന്താരാഷ്ട നിലവാരത്തിലാക്കി. റോഡിലേക്കിറങ്ങി നിന്ന മരങ്ങൾ എല്ലാം വെട്ടിമാറ്റി. ഗതാഗതത്തിന് തടസ്സമായി നിന്ന ഇലക്ട്രിക് പോസ്റ്റുകളും മാറ്റിസ്ഥാപിച്ചു. റോഡിനടിയിൽ കൂടിക്കടന്നുപോകുന്ന കുടിവെള്ള പൈപ്പുകളും മാറ്റിസ്ഥാപിച്ചു. വാട്ടർ അതോറിറ്റിയുടെ പ്രവൃത്തികളും, ഇലക്ട്രിസിറ്റി ജോലികളും ചേർത്ത് ഒറ്റ കരാറുകാരനാണ് റോഡ് നിർമാണത്തിന്റെ ടെണ്ടർ നൽകിയത്. അത് മൂലം വിവിധ വകുപ്പുകൾ പ്രത്യേകമായി പല സമയങ്ങളിൽ ചെയ്തു കൊണ്ടിരുന്ന പ്രവൃത്തികൾ കാലതാമസം കൂടാതെ സമയബന്ധിതമായി ചെയ്ത് തീർക്കാൻ കഴിഞ്ഞു.
കൊടുമൺ, ഏഴംകുളം, വള്ളിക്കോട് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് യാത്രക്കാർ നിത്യേന സഞ്ചരിക്കുന്ന റോഡാണ് അന്താരാഷ്ട നിലവാരത്തിലേക്കുയർന്നത്. റോഡ് ഉദ്‌ഘാടനചടങ്ങിന്റെ സ്വാഗത സംഘയോഗം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരൻ അധ്യക്ഷനായി. ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ, വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ നായർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ,, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. ആർ ബി രാജീവ് കുമാർ, കൊടുമൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ധന്യാ ദേവി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. സി പ്രകാശ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ എൻ സലീം, കെ കെ അശോക് കുമാർ എന്നിവർ സംസാരിച്ചു.
Highlights: കിഫ്ബി ഫണ്ടിൽ നിന്നും 64 കോടി രൂപ ചെലവഴിച്ചു
9.5 കി.മീറ്റർ റോഡ് 10 മീറ്റർ വീതിയിൽ നിർമിച്ചു










0 comments