വിദ്യാഭ്യാസ വകുപ്പിലെ സ്ഥാനക്കയറ്റങ്ങൾ ഉടൻ അനുവദിക്കണം

തിരുവല്ല ഡിഡിഇ ഓഫീസിനുമുന്നിൽ നടത്തിയ പ്രകടനം സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് ലക്ഷ്‌മീദേവി ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട
വിദ്യാഭ്യാസ വകുപ്പ് വിവിധ തസ്‌തികകളിലെ ഒഴിവുകൾ അടിയന്തരമായി നികത്തി അർഹതപ്പെട്ട ജീവനക്കാർക്ക് സ്ഥാനക്കയറ്റം ഉടൻ അനുവദിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ആവശ്യപ്പെട്ടു. സ്ഥാനക്കയറ്റ നടപടികൾ അനാവശ്യമായി വൈകിപ്പിക്കുന്നത് ജീവനക്കാരുടെ അവകാശങ്ങളെ ബാധിക്കുന്നതിനൊപ്പം വിദ്യാഭ്യാസവകുപ്പിന്റെ ഭരണപ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. അഡ്മിനിസ്ട്രേറ്റീവ് അസിസ്‌റ്റന്റിന്റെ ഒന്പത് ഒഴിവിലേക്കും പിഎയുടെ നാലൊഴിവിലേക്കും ജൂനിയർ സൂപ്രണ്ടിന്റെ 45 ഒഴിവിലേക്കും സ്ഥാനക്കയറ്റം നൽകേണ്ടതുണ്ട്. ഇതിന്റെ തുടർച്ചയായി താഴ്‌ന്ന തസ്‌തികകളിലേക്കും സ്ഥാനക്കയറ്റ നടപടികൾ നടക്കേണ്ട സാഹചര്യമാണുള്ളത്. സീനിയർ ക്ലർക്ക് തസ്‌തികയിലെ റേഷ്യോ കണക്കാക്കിയാൽ ഏകദേശം 480 ഒഴിവുകളിലേക്കും സ്ഥാനക്കയറ്റം നൽകണം.
സീനിയർ ക്ലർക്ക് തസ്‌തികയിലെ റേഷ്യോ ക്രമീകരിക്കുന്നതിന് ജില്ലകളിൽ പരിശോധന നടത്തി നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ വിരമിക്കൽ മൂലമുണ്ടായ ഏകദേശം 70 സീനിയർ ക്ലർക്ക് ഒഴിവുകളിൽ, സീനിയോറിറ്റി പട്ടികയ്‌ക്കായി കാത്തുനിൽക്കാതെ താൽക്കാലിക സ്ഥാനക്കയറ്റം നൽകാൻ കഴിയുന്ന സാഹചര്യമുണ്ടായിട്ടും അതും നടപ്പാക്കുന്നില്ല. വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഉയർന്ന തസ്‌തികകളിലെ ഒഴിവുകൾ നികത്താത്തത് താഴെയുള്ള ഫീഡർ കാറ്റഗറിയിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെയും ബാധിക്കുന്നു.
അർഹരായ ജീവനക്കാർക്ക് സ്ഥാനക്കയറ്റം അനുവദിക്കുക, ഒഴിവുകൾ സമയബന്ധിതമായി നികത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂണിയന്റെ നേതൃത്വത്തിൽ തിരുവല്ല ഡിഡിഇ ഓഫീസിനുമുന്നിൽ നടത്തിയ പ്രകടനം സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് ലക്ഷ്‌മീദേവി ഉദ്ഘാടനം ചെയ്‌തു. ജില്ലാ ട്രഷറർ എൽ അഞ്‌ജു, ജോയിന്റ് സെക്രട്ടറി ഒ ടി ദിപിൻദാസ്, സെക്രട്ടറിയറ്റംഗം പി ജി ശ്രീരാജ് എന്നിവർ സംസാരിച്ചു.









0 comments