കുടുംബശ്രീ കെ–ടിക്
ആദ്യഘട്ടം മൂന്നോളം സംരംഭങ്ങൾ

സ്വന്തം ലേഖിക
Published on Apr 28, 2026, 12:05 AM | 1 min read
പത്തനംതിട്ട
പട്ടികവര്‍ഗ മേഖലയിലെ പത്ത് യുവാക്കളുടെ സംരംഭക സ്വപ്നങ്ങൾക്ക് കുടുംബശ്രീയുടെ പിന്തുണ. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവയിൽ മൂന്നെണ്ണത്തോളം പൂർണമായി സജ്ജമായി ഉൽപ്പന്നങ്ങൾ ഗുണഭോക്താക്കളിലേക്കെത്തും.
കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസസ് ആൻഡ് ഇന്നൊവേഷൻ സെന്റർ (കെ–ടിക്) പദ്ധതിയിലൂടെയാണ് പത്തുപേർ സംരംഭകരാകുന്നത്. റാന്നി, റാന്നി പെരുനാട്, ആവണിപ്പാറ, ചിറ്റാർ പഞ്ചായത്തുകളിലെ വിവിധ ഉൗരുകളിൽ നിന്നുള്ളവരാണ് പദ്ധതി ഗുണഭോക്താക്കൾ. വസ്‌ത്രം, സോപ്പ്, പാലുൽപ്പന്നങ്ങൾ, പരമ്പരാഗതമായി വനത്തിൽനിന്ന് ശേഖരിക്കുന്ന തേൻ, ദന്തപാല എന്നിവയടക്കം സംരംഭകരുടെ ഉൽപ്പന്നങ്ങളുടെ പട്ടികയിൽ ഉണ്ട്. പട്ടികജാതി–-വർഗ വകുപ്പിനുകീഴിൽ രൂപീകരിച്ച കേരള എംപവർമെന്റ് സൊസൈറ്റി "ഉന്നതി' വഴിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.
ഓരോ സംരംഭത്തിനും ആവശ്യമായ പരിശീലനവും സാങ്കേതിക സഹായങ്ങളും കുടുംബശ്രീയാണ് നൽകുന്നത്. വ്യക്തിഗത സംരംഭങ്ങൾക്ക് നാല് ലക്ഷം രൂപ വരെയും ഗ്രൂപ്പ് ഉൾപ്പെടെയുള്ള സംരംഭങ്ങൾക്ക് എട്ടുലക്ഷം രൂപ വരെയുമാണ് ധനസഹായം നൽകുക. കെ–ടിക് പദ്ധതിയിൽനിന്നും കുടുംബശ്രീ ട്രൈബൽ കമ്യൂണിറ്റി എന്റർപ്രൈസ് ഫണ്ടിൽനിന്നുമാണ് 80 ശതമാനംവരെ സബ്‌സിഡിയോടെ സഹായം ലഭ്യമാക്കുന്നത്. 18 മുതൽ 40 വയസ് വരെയുള്ളവർക്കാണ് പരിഗണനയെങ്കിലും 45 വയസ് വരെയുള്ള 10 ശതമാനം പേര്‍ക്കും അവസരമുണ്ട്. ആകെ 50 പേർക്കാണ് അവസരം. ഇതിന്റെ ആദ്യഘട്ടമായാണ് പത്തുപേർ തെരഞ്ഞെടുക്കപ്പെട്ടത്.










0 comments