സ്ഥലംമാറ്റ അട്ടിമറി
കെഎസ്ടിഎ പ്രതിഷേധക്കൂട്ടായ്‌മ

പത്തനംതിട്ട
വിദ്യാഭ്യാസ വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റ സംവിധാനത്തെ അട്ടിമറിച്ച് അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്നതിനെതിരെ കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ അധ്യാപക മാർച്ചും പ്രതിഷേധക്കൂട്ടായ്‌മയും നടത്തി. മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി ഇഷ്‌ടക്കാർക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിൽ നിയമനം നൽകുകയും സംഘടനാ പ്രവർത്തകരെ പ്രതികാരബുദ്ധിയോടെ സ്ഥലംമാറ്റുകയും ചെയ്യുന്ന സമീപനമാണ് പൊതുവിദ്യാഭ്യാസവകുപ്പ് സ്വീകരിക്കുന്നത്. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗവും തൃത്താല എഇഒയുമായ പ്രസാദിനെ 250 കിലോമീറ്ററിലധികം അകലെ കോട്ടയത്തേക്ക് അകാരണമായി മാറ്റിയത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. എച്ച്എം, എഇഒ തലങ്ങളിൽ നടക്കുന്ന ഇത്തരം രാഷ്‌ട്രീയപ്രേരിത പ്രതികാര നടപടികൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഇതിനെതിരെ ശക്തമായ തുടർപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട ഡിഇഒ ഓഫീസിനുമുന്നിൽ പ്രതിഷേധക്കൂട്ടായ്‌മ സംസ്ഥാന കമ്മിറ്റിയംഗം രാജേഷ് എസ് വള്ളിക്കോട് ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എ കെ പ്രകാശ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ദീപാ വിശ്വനാഥ്, ട്രഷറർ എം കെ ഷീജ, എസ് ജ്യോതിഷ്, ഡോ. ബി ഷാജി, വി എ സുജൻ, വി ഐ ജോസഫ്, ബിജു ജി നായർ എന്നിവർ സംസാരിച്ചു.










0 comments