കിഫ്‌ബിയിലൂടെ കേരളം കൈവരിച്ച നേട്ടങ്ങൾ മറയ്‌ക്കാനാകില്ല: എം വി ഗോവിന്ദൻ

കൊട്ടാരക്കര
കിഫ്‌ബിയിലൂടെ കേരളം വികസനരംഗത്ത് കൈവരിച്ച നേട്ടങ്ങളെ അസംബന്ധ കണക്കുകൾ നിരത്തി മറയ്‌ക്കാനാകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐ എം വിപുലീകൃത കൊല്ലം ജില്ലാ കമ്മിറ്റി യോഗം സ. കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (കൊട്ടാരക്കര മാർത്തോമ ജൂബിലി മന്ദിരം) ഉദ്‌ഘാടനംചെയ്യുകയായിരുന്നു എം വി ഗോവിന്ദൻ.
ഇന്ത്യയ്‌ക്ക് മാതൃകയാകുംവിധം ഒരുലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ കൈകാര്യംചെയ്യാൻ പ്രാപ്‌തി നേടിയ പ്രസ്ഥാനമാണ് കിഫ്‌ബി. കേന്ദ്ര ബജറ്റ് വിഹിതംകൊണ്ടുമാത്രം കേരളത്തിൽ ഒന്നും ചെയ്യാനാകില്ല. ശ്രദ്ധേയമായ നിരവധി വികസന പദ്ധതികൾക്ക് ഫണ്ട് ഉറപ്പാക്കിയത് കിഫ്ബിയിലൂടെയാണ്. അതുവഴി നാടിന്റെ പശ്‌ചാത്തല സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമുണ്ടായി. യുഡിഎഫ് സർക്കാരിന്റെ ഇപ്പോഴത്തെ നീക്കം കിഫ്ബിയെ ഇല്ലാതാക്കാനാണ്. ഇത് കേരളത്തിന്റെ ഭാവി വികസനത്തെ തകർക്കും.
രാജ്യത്ത് ആരൊക്കെ വോട്ടുചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിക്കുന്ന അവസ്ഥയാണ്. എസ്‌ഐആറിന്റെ പേരിൽ 13കോടി പൗരന്മാരുടെ വോട്ടവകാശമാണ് ഇല്ലാതാക്കിയത്. ഇതിനെതിരായ പോരാട്ടമാണ് ഇപ്പോൾ രാജ്യത്താകെ ശക്തമായിരിക്കുന്നത്. ആ പോരാട്ടം വിജയിക്കും. ഇന്ത്യയുടെ ഭാവി നിർണയിക്കുന്നത് ആയുധങ്ങളല്ല, ജനങ്ങളാണ്. സാഹസികമായ സഹനസമരമാണ് വിദ്യാർഥികളും യുവാക്കളും നടത്തുന്നത്. പൊതുസമൂഹം സമരത്തിന് ഒപ്പമാണ്. വിദ്യാർഥികളും യുവാക്കളും നയിക്കുന്ന ആവേശകരമായ പോരാട്ടം രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ജനരോഷത്തിൽനിന്ന് രക്ഷപ്പെടാൻ ബിജെപിയും ആർഎസ്‌എസും എല്ലാക്കാലവും ഹിന്ദുവർഗീയ കാർഡിറക്കും. ഭരണഘടനാ സ്ഥാപനങ്ങളെ കൈപ്പിടിയിലാക്കി തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുകയാണവർ. കേരളത്തിലെ യുഡിഎഫ് സർക്കാർ ബിജെപിയുമായി സന്ധിചെയ്യുന്നു. ബിജെപി നേതാക്കൾ പറയുന്നതിന് അപ്പുറം ചെയ്യാൻ യുഡിഎഫ് സർക്കാർ തയ്യാറാകുന്നു. പിഎം ശ്രീ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു. സർവകലാശാലകളെ കാവിവൽക്കരിക്കാൻ കൂട്ടുനിൽക്കുന്നു. ഗവർണറുടെ ആർഎസ്‌എസ് അജൻഡ നടപ്പാക്കുന്നു. സർവവും സ്വകാര്യവൽക്കരിക്കാനാണ് യുഡിഎഫ് സർക്കാരിന്റെ ശ്രമം– എം വി ഗോവിന്ദൻ പറഞ്ഞു.









0 comments