ആവണിപ്പാറ പാലം നിർമാണം ആദ്യഘട്ടത്തിലേക്ക്
യാഥാർഥ്യമാകുന്നു, ഒരു സ്വപ്നം കൂടി...

ആവണിപ്പാറ പാലത്തിന്റെ നിർമാണം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ഷാഹീർ പ്രണവം
Published on Mar 09, 2026, 12:15 AM | 2 min read
കോന്നി
ആവണിപ്പാറ നിവാസികളുടെ ചിരകാല സ്വപ്നം യാഥാർഥ്യമാകുന്നു. ആവണിപ്പാറ പാലം നിർമാണത്തിനായി 2.19 കോടി രൂപയുടെ ടെൻഡറിന് സംസ്ഥാന മന്ത്രിസഭ അനുമതി നൽകി. 2019ലെ ഉപതെരഞ്ഞെടുപ്പിനുശേഷം എംഎൽഎയായി ആവണിപ്പാറയിൽ എത്തിയ അഡ്വ. കെ യു ജനീഷ് കുമാറിനോട് വൈദ്യുതിയും പാലവുമായിരുന്നു ആവണിപ്പാറക്കാർ ആവശ്യപ്പെട്ടത്. 37 കുടുംബങ്ങൾ മാത്രം താമസിക്കുന്ന ആവണിപ്പാറയിലേക്ക് 2020ൽ 1.6 കോടി രൂപ വിനിയോഗിച്ച് ആറ് കിലോമീറ്റർ ഭൂഗർഭ കേബിൾ വലിച്ച് സമ്പൂർണ വൈദ്യുതീകരണം നടത്തി. എന്നാൽ പാലത്തിന്റെ കാര്യത്തിൽ സാങ്കേതിക തടസങ്ങൾ ഏറെയായിരുന്നു.
അച്ചൻകോവിലാറ്റിൽ വെള്ളം പൊങ്ങുമ്പോൾ ഒറ്റപ്പെടുന്നയിടമാണ് ആവണിപ്പാറ. നിലവിൽ ഫൈബർ വള്ളത്തിലാണ് മറുകര കടക്കുന്നത്. വള്ളത്തിൽ യാത്ര ചെയ്യുന്നതിന് ഇരുകരകളെയും ബന്ധിപ്പിച്ച് പ്ലാസ്റ്റിക് കയറുകൾ മരക്കുറ്റിയിൽ ബന്ധിപ്പിച്ചിട്ടുണ്ട്. അച്ചൻകോവിൽ ആറിൽ വെള്ളം ഉയരുമ്പോൾ സാഹസികമായാണ് ആവണിപ്പാറ നിവാസികൾ മറുകര എത്തുന്നത്. പൂർണമായും വനത്തിനുള്ളിൽ കൂടി കടന്നു പോകുന്ന നദിയുടെ ഭാഗമായതിനാൽ വനം വകുപ്പ് വനഭൂമി വിട്ടുനൽകിയെങ്കിൽ മാത്രമേ പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും തുക അനുവദിക്കുന്നതിനും സാധിക്കുകയുള്ളായിരുന്നു. വനം മന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും റവന്യൂ ഉദ്യോഗസ്ഥരുമായും നിരന്തരമായി എംഎൽഎ നടത്തിയ ചർച്ചകളുടെ ഭാഗമായി കോന്നി ഡിഎഫ്ഒ 2023ൽ പാലം നിർമിക്കുന്നതിന് ആവശ്യമായ ഭൂമി പൊതുമരാമത്ത് വകുപ്പിന് ഉപയോഗിക്കാൻ അനുമതി നൽകി ഉത്തരവ് ഇറക്കി. ഇതോടെയാണ് പാലത്തിന് പച്ചക്കൊടി ലഭിച്ചത്.
തുടർന്ന് പൊതുമരാമത്ത് പാലം വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കുകയും സർക്കാരിലേക്ക് സമർപ്പിക്കുകയും ചെയ്തു. 66.60 മീറ്റർ നീളവും 3.5 വീതിയുമുള്ള മൂന്ന് തൂണുകളുള്ള കോൺക്രീറ്റ് പാലമാണ് നിർമിക്കുന്നത്. 45 മീറ്റർ അപ്രോച് റോഡും പ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്. ഒന്നരവർഷമാണ് നിർമാണ കാലാവധി. പാലം പൂർത്തീകരിക്കുന്നതോടെ ഒറ്റപ്പെട്ട് കിടക്കുന്ന ആവണിപ്പാറയിൽ നിന്ന് അച്ചൻകോവിൽ –കോന്നി റോഡിലേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കും.
പാലത്തിന്റെ നിർമാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ക്ഷേമ ശേഖർ അധ്യക്ഷയായി. ഒരു കോടി രൂപ ചെലവഴിച്ച് ഉന്നതിയിൽ നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതിയുടെ നിർമാണ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു. അരുവാപ്പുലം പഞ്ചായത്ത് അംഗങ്ങളായ ധനേഷ് ഗോപാൽ, ഷീബ സുധീർ, ശ്രീലത, മുൻ പഞ്ചായത്ത് അംഗങ്ങളായ സിന്ധു സന്തോഷ്, ആവണിപ്പാറ ഉന്നതി മൂപ്പൻ അച്യുതൻ കൃഷ്ണൻ, വർഗീസ് ബേബി, ജില്ലാ നിർമ്മിതി കേന്ദ്രം ജില്ലാ ഓഫീസർ ശ്രീകുമാർ, പട്ടികവർഗ വകുപ്പ് ജില്ലാ ഓഫീസർ എസ് എ നജീം, പൊതുമരാമത്ത് പാലം വിഭാഗം അസി. എക്‌സിക്യുട്ടീവ് എൻജിനീയർ ഷീജ തോമസ്, അസി. എൻജിനീയർ ചന്തു, മണ്ണാറപ്പാറ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ എന്നിവർ സംസാരിച്ചു.










0 comments