വിജ്ഞാനം പകർന്ന് ഒൗഷധസസ്യ ഉദ്യാനവും നക്ഷത്രവനവും
സസ്യം കണ്ട് "നക്ഷത്രമെണ്ണാം'

കോന്നി ഇക്കോ ടൂറിസം സെന്ററിലെ ഔഷധവനം
ഷാഹീർ പ്രണവം
Published on May 24, 2026, 12:15 AM | 1 min read
കോന്നി
കോന്നി ആനത്താവളത്തിലെ ഇക്കോ ടൂറിസം സെന്ററിലെ ഔഷധസസ്യ ഉദ്യാനവും നക്ഷത്രവനവും ശ്രദ്ധേയമാകുന്നു. കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന്റെ കീഴിലാണ് പ്രവർത്തനം, വിനോദ സഞ്ചാരികൾക്കുപുറമേ നിരവധി ബോട്ടണി വിദ്യാർഥികളും ഗവേഷക വിദ്യാർഥികളും ഇവിടെയെത്തുന്നുണ്ട്. ജന്മനക്ഷത്ര സസ്യങ്ങളെ ഉൾക്കൊള്ളിച്ചുള്ളതാണ് നക്ഷത്രവനം.
2012ലാണ് ദേശീയ ഔഷധസസ്യബോർഡിന്റെ പദ്ധതി വനംവകുപ്പ് ഏറ്റെടുത്ത് നടപ്പാക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണ് പരിപാലനം. ദശപുഷ്പങ്ങളിൽ തുടങ്ങി അഗസ്ത്യാർകൂടത്തിൽ കണ്ടുവരുന്ന ആരോഗ്യപ്പച്ച വരെയുള്ള 206ലധികം ഔഷധ സസ്യങ്ങളാണ് ഉദ്യാനത്തിലുള്ളത്. അഗസ്ത്യ വനങ്ങളിൽനിന്നും കുളത്തൂപ്പുഴ മേഖലയിലെ വനത്തിൽനിന്നും എത്തിച്ച അപൂർവങ്ങളായ ഔഷധസസ്യങ്ങളാണ് ഇവിടെയുള്ളത്.
അഗസ്ത്യവനങ്ങളിൽ കാണുന്ന ആരോഗ്യപ്പച്ച ആരോഗ്യദായക ഊർജം നൽകുന്നതാണ്. വിഷം, നീരുവേദന എന്നിവ അകറ്റുന്ന പുലിച്ചുവടി, പ്രമേഹത്തിനും അതിസാരത്തിനുമുള്ള വേങ്ങ, വിഷത്തിനുള്ള ചുവന്ന കയ്യോന്നി, ശിരോരോഗത്തിനുള്ള രുദ്രാക്ഷം, മൂത്രാശയരോഗത്തിനുള്ള നീർമാതളം, ചുമയ്ക്കും ആസ്‌ത്‌മയ്ക്കുമുള്ള യശങ്ക്, അതിസാരത്തിനും നേത്രരോഗത്തിനുമുള്ള പാച്ചോലി, ആമവാതത്തിനുള്ള സമുദ്രപ്പച്ച, തെന്മല ചെന്തുരിണി വനമേഖലയിലെ അപൂർവയിനം ചെങ്കുറിഞ്ഞി എന്നിവയുമുണ്ട്.
അശ്വതി മുതൽ രേവതി വരെയുള്ള ഓരോ ജന്മനക്ഷത്രത്തിനും യോജിച്ച സസ്യങ്ങളുടെ പേരുകളും ശാസ്‌ത്രീയനാമവും ഉപയോഗവും ബോർഡിൽ എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. ത്രിഫല സസ്യങ്ങളായ നെല്ലിക്ക, താന്നിക്ക, കടുക്ക, ദശപുഷ്പങ്ങളായ ചെറുവ, മുക്കൂറ്റി, നിലപ്പന, കയ്യോന്നി, മുയൽ ചെവിയൻ, വിഷ്ണക്രാന്തി, കറുക, പൂവാൻകുറുന്തൽ, ഉഴിഞ്ഞ, തിരുനാളി ത്രികടുഫലങ്ങളായ തിപ്പലി, ഇഞ്ചി, കുരുമുളക്, ത്രിഗന്ധങ്ങളായ അകിൽ, ചന്ദനം, രക്തചന്ദനം എന്നിവയുമുണ്ട്. നിലമ്പൂർ കാടുകളിലുള്ള സോമലതയാണ് മറ്റൊരു പ്രത്യേകത. ശരീരവേദനയ്ക്കും ആസ്‌ത്‌മയ്ക്കുമുള്ള മരുന്നാണിത്.










0 comments