ad
Deshabhimani

കടുത്ത ചൂട്‌

വറ്റിവരണ്ട്‌ പമ്പ

Photo
avatar
സ്വന്തം ലേഖകൻ

Published on Apr 25, 2026, 12:05 AM | 1 min read

റാന്നി

-വേനൽ കടുത്തു പമ്പ ഉൾപ്പെടെയുള്ള നദികൾ വറ്റിവരണ്ടു. പമ്പാനദി കക്കാട്ടാറുമായി സംഗമിക്കുന്ന പെരുനാട് ഭാഗം മുതൽ താഴേക്ക് മാത്രമേ ജലം ഒഴുക്ക് കാണാനുള്ളു. പമ്പാ നദിയുടെ അത്തിക്കയം പാലത്തിന് മുകളിലേക്കുള്ള ഭാഗത്ത് ഇപ്പോൾ പാറക്കൂട്ടങ്ങളും മൺപുറ്റുകളുമാണ് കാണാനുള്ളത്. നദിയുടെ ഒരു ഭാഗത്ത്‌ കൂടെ ചെറിയ നീർച്ചാൽ പോലെ മാത്രമാണ് വെള്ളം ഒഴുകുന്നത്. പകൽ സമയങ്ങൾ നദിയിലെ പാറക്കെട്ടുകളിൽ അതികഠിനമായ വെയിലടിച്ച് ചൂടാകുന്നു ഇതുമൂലം നദിയിലേക്ക് ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. പെരുന്തേനരുവി വെള്ളച്ചാട്ടത്തിന്‌ മുകളിലൂടെ കാലിൽ ഒരു തുള്ളി വെള്ളം പറ്റാതെ പാറക്കെട്ടുകളിൽ കയറി പമ്പാ നദി മുറിച്ച് കടക്കാൻ പറ്റും.

ജലനിരപ്പ് ഗണ്യമായി താഴ്ന്നതോടെ പ്രദേശത്തെ നിരവധി കുടിവെള്ള പദ്ധതികളുടെ പ്രവർത്തനവും അവതാളത്തിലായി. പെരുനാടിന് മുകൾ ഭാഗങ്ങളിലാണ് കൂടുതലും പ്രതിസന്ധി നേരിടുന്നത്. ദൂരദേശങ്ങളിൽ നിന്നും നിരവധി ആളുകൾ കുളിക്കാനും തുണികൾ അലക്കാനും മുമ്പ് ഈ നദിയെ ആശ്രയിച്ചിരുന്നു. എന്നാൽ ഇന്ന് തീര പ്രദേശത്തുള്ളവർക്ക് വരെ പ്രതിസന്ധിയാണ്. നദിയിൽ വെള്ളം കുറഞ്ഞതോടെ തീരപ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നു. പമ്പയെ ആശ്രയിച്ച് കഴിയുന്ന വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളിലെ കുടിവെള്ള വിതരണത്തെ ഇത് സാരമായി ബാധിക്കുന്നുണ്ട്. നീർച്ചാലുകൾ നിലച്ചതോടെ ജലജീവികളും വലിയ പ്രതിസന്ധിയിലാണ്.

.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home