ad
Deshabhimani

സംസ്ഥാനത്തെ ആദ്യ റിസർവ് വനം

കോന്നിക്ക്‌ 139 വയസ്

Photo
avatar
ഷാഹീർ പ്രണവം

Published on May 18, 2026, 12:05 AM | 1 min read

കോന്നി

സംസ്ഥാനത്തെ ആദ്യ റിസർവ്‌ വനമായി കോന്നിയെ പ്രഖ്യാപിച്ചിട്ട്‌ 139 വർഷം.​ നടുവത്തുമൂഴിയിലെ കരിപ്പാൻതോട് ഉൾപ്പെടുന്ന വനമേഖലയിലെ 300 ചതുരശ്രമൈൽ വനപ്രദേശം തിരുവിതാംകൂറിലെ ആദ്യ റിസർവ് വനമായി പ്രഖ്യാപിച്ചത് 1888 ഒക്ടോബർ ഒമ്പതിനായിരുന്നു.

തിരുവിതാംകൂർ വനനിയമം അനുസരിച്ച് കൊല്ലം പേഷ്‌കാറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വനവുമായി ബന്ധപ്പെട്ട ഭരണനിർവഹണ വിഭാഗം ഔദ്യോഗികമായി നിലവിൽ വന്നത് 1864ലാണ്. 280 ചതുരശ്ര മൈൽ വിസ്തൃതിയാക്കി 1897 ജനുവരി 27ൽ പുതിയ വിജ്ഞാപനം നിലവിൽ വന്നു. കോന്നി റിസർവിൽനിന്നുള്ള ഭാഗങ്ങൾ ചേർത്താണ് 1901ൽ അച്ചൻകോവിൽ റിസർവ് രൂപീകരിച്ചത്. ആനക്കുളം സൗത്ത്, മുണ്ടോംമൂഴി, കുമരംപേരൂർ, ആനക്കുളം നോർത്ത്, കൊടുമൺ നോർത്ത്, കൊടുമൺ സൗത്ത്, വട്ടപ്പാറ, കലഞ്ഞൂർ, അരുവാപ്പുലം എന്നിവ കോന്നിയിൽ പിന്നീട് രൂപീകരിച്ച റിസർവുകളാണ്. ബ്രിട്ടീഷ് ഭരണകാലത്തും തിരുവിതാംകൂർ രാജവംശകാലത്തും നിബിഡ വനമേഖലയായിരുന്നു കോന്നി, റാന്നി, തെന്മല ഉൾപ്പെടെയുള്ള പ്രദേശങ്ങൾ. 1958ലാണ് തെന്മല, റാന്നി വനമേഖലയിൽ നിന്നുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തി കോന്നി ഡിവിഷനായി രൂപീകരിച്ചത്‌.

കോന്നി റിസർവിലെ ഭൂരിഭാഗം പ്രദേശങ്ങളും ലോക പൈതൃകകേന്ദ്രമായ പശ്ചിമഘട്ടത്തിന്റെ ഭാഗമാണെന്നതും പ്രത്യേകതയാണ്‌. കോന്നി വനം ഡിവിഷനിൽ ഉൾപ്പെട്ട 26.142 ഹെക്‌ടർ പ്രദേശം 2012ൽ യുനസ്‌കോ ലോക പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. 1887 ഡിസംബർ ആറിന് നിലവിൽ വന്ന തിരുവിതാംകൂർ വനനിയമം (റെഗുലേഷൻ ഒന്ന്‌ -അഞ്ച്- 1063) മദ്രാസ് വനനിയമത്തിന്റെ മാതൃകയിലാണ്‌ തയ്യാറാക്കിയതാണെന്ന് ഫോറസ്റ്റ് പ്ലസ് 2.0 കോർഡിനേറ്ററായിരുന്ന ഡോ. അരുൺ ശശി പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home