നദികളിൽ ജലനിരപ്പ് കാര്യമായി കുറയുന്നില്ല
പ്രതിസന്ധി അപ്പർ കുട്ടനാടിന്

പത്തനംതിട്ട
ജില്ലയിൽ ശനിയാഴ്ചയും ഇടവിട്ടുള്ള ശക്തമായ മഴ. പത്തനംതിട്ട, കോന്നി, വടശേരിക്കര, റാന്നി മേഖലകളിലാകെ കനത്ത മഴ പെയ്തു. ബംഗാൾ ഉൾക്കടലിലും ഒഡിഷക്കും മുകളിൽ ന്യൂനമർദം നിലവിലുള്ളതിനാൽ മഴ സാധ്യത വരും ദിവസങ്ങളിലുമുണ്ടാകുമെന്നാണ് പ്രവചനം.
നദികളിലെ ജലനിരപ്പ് നിയന്ത്രണവിധേയമാണെങ്കിലും കേന്ദ്ര ജലകമീഷൻ ജില്ലയിൽ രണ്ടിടങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്നു. മണിമല, പമ്പ, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് കാര്യമായി താഴാത്തതിനാൽ തിരുവല്ല, അപ്പർ കുട്ടനാട് മേഖലയിൽ പലയിടത്തും വെള്ളക്കെട്ട് തുടരുകയാണ്.
അച്ചൻകോവിലാറിന്റെ തുമ്പമൺ സ്റ്റേഷൻ, മണിമലയുടെ കല്ലൂപ്പാറ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ശനിയാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. പമ്പയിലെ മാലക്കര, മാടമൺ സ്റ്റേഷനുകളിൽ ജലനിരപ്പ് കുറഞ്ഞു.
മൂഴിയാറിൽ 185.85 മീറ്റർ
മൂഴിയാർ ഡാമിൽ നിലവിൽ 185.85 മീറ്റർ ജലമാണുള്ളത്. കക്കി (ആനത്തോട്) ഡാമിൽ 968.05 മീറ്ററും പമ്പയിൽ 979.90 മീറ്ററും ജലനിരപ്പുണ്ട്. നിലവിൽ എങ്ങും അപകടസാധ്യതയില്ല. കിഴക്കൻ വനമേഖലയിൽ മഴ ശക്തമായാലാണ് ജില്ലയിലെ ഡാമുകളിൽ ജലനിരപ്പുയരുക.








0 comments