ad
Deshabhimani

അപ്പർ കുട്ടനാട്‌ വെള്ളത്തിൽ

Photo

തിരുവല്ല അമ്പലപ്പുഴ സംസ്ഥാനപാതയിൽ നെടുമ്പ്രത്ത് വെള്ളം കയറിയപ്പോൾ ട്രാക്ടറിൽ മറുകര പോകുന്നവർ

avatar
സ്വന്തം ലേഖകൻ

Published on Aug 04, 2026, 12:05 AM | 2 min read

തിരുവല്ല

നേരം ഇരുട്ടിവെളുത്തപ്പോൾ ജീവനും കൈയിലെടുത്ത്‌ ഓടുകയായിരുന്നു തിരുവല്ലയിലെയും അപ്പർ കുട്ടനാട്‌ പ്രദേശങ്ങളിലെയും ആളുകളാകെ. ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്ന്‌ വെള്ളം ഇരച്ചെത്തിയതിനാൽ തിങ്കൾ പുലർച്ചയോടെ തിരുവല്ലയും അപ്പർ കുട്ടനാടും വെള്ളത്തിലായി.

പ്രളയഭീതിയിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുക്കളുടെ വീടുകളിലേക്കും ആളുകൾ മാറി. എന്നാൽ ജലനിരപ്പ് ഓരോ മണിക്കൂറിലും ഉയരുന്നതായിരുന്നു സ്ഥിതി. തിങ്കൾ രാവിലെ മൂഴിയാർ ഡാം തുറന്നതോടെയാണ്‌ വൈകിട്ട് ജലനിരപ്പ് ഉയർന്നത്‌. താഴ്‌ന്ന പ്രദേശങ്ങളിലെയും നദീതീരങ്ങളിലെയും വീടുകളെല്ലാം വെള്ളത്തിനടിയിലാണ്. നെടുമ്പ്രം മുതൽ നീരേറ്റുപുറം വരെ വെള്ളം കയറിയതോടെ അമ്പലപ്പുഴ റോഡിൽ രണ്ടാം ദിവസവും ഗതാഗതം നിലച്ചു. എംസി റോഡിൽ തിരുമൂലപുരം മുതൽ ആറാട്ടുകടവ് വരെ വെള്ളം കയറി. ഇതുവഴി വലിയ വാഹനങ്ങൾ മാത്രമേ കടത്തിവിടുന്നുള്ളൂ. ടികെ റോഡിൽ വള്ളം കുളത്ത് റോഡിൽ കുത്തൊഴുക്കാണ്.

തിങ്കൾ വൈകിട്ടോടെ തിരുവല്ല താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം വർധിച്ചു. മൊത്തം 75 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 1145 കുടുംബങ്ങളെ ഈ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. 1684 സ്ത്രീകളും 1560 പുരുഷൻമാരും 589 കുട്ടികളുമടക്കം 3754 പേരാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്. ഏറ്റവും കൂടുതൽ ക്യാമ്പുകൾ ഇരവിപേരൂർ വില്ലേജിലാണ്, 13. കോയിപ്രം– 12, തിരുവല്ല –10, കുറ്റൂർ– 8, കടപ്ര, നിരണം, കാവുംഭാഗം – 5 വീതവും, കവിയൂർ, പെരിങ്ങര, തോട്ടപ്പുഴശേരി – നാല് വീതവും, കുറ്റപ്പുഴയിൽ മൂന്നും നെടുമ്പ്രത്ത് രണ്ട് ക്യാമ്പുകളുമാണുള്ളത്. ദുരിതാശ്വാസ ക്വാമ്പുകളിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പലരും ബന്ധുവീടുകളെ ആശ്രയിക്കുകയാണ്‌.

റാന്നി, കോന്നി മേഖലകളിൽ തിങ്കളാഴ്ച കാര്യമായ പ്രശ്നങ്ങൾ റിപ്പോർട്ട്‌ ചെയ്തില്ല. ഇവിടങ്ങളിൽ വിവിധ ക്യാമ്പുകൾ പിരിച്ചുവിട്ടു.

എടത്വ – പൊടിയാടി റൂട്ടിൽ ബസ് സർവീസ് നിർത്തി

അമ്പലപ്പുഴ-–തിരുവല്ല റൂട്ടിൽ ചക്കുളത്ത്കാവ് നെടുമ്പ്രം വെള്ളക്കിണര്‍ ഭാഗത്തും, എടത്വ-–കുളങ്ങര– ചങ്ങനാശേരി, എടത്വ–-വീയപുരം–-ഹരിപ്പാട്, എടത്വ–-പാരേതോട് റോഡിലും, കണ്ടംകരി-–ചമ്പക്കുളം റോഡിലും ജലനിരപ്പ് ഉയർന്നതിനാൽ ഇ‍ൗവഴിയുള്ള ബസ് സർവീസ് താൽക്കാലികമായി നിർത്തിവെച്ചതായി കെഎസ്ആർടിസി എടത്വ ഇൻസ്പെക്ടർ ഇൻ ചാർജ് അറിയിച്ചു.

അമ്പലപ്പുഴ- –തിരുവല്ല സംസ്ഥാന പാതയില്‍ ആലപ്പുഴയില്‍ നിന്ന്‌ എടത്വ വരെയും, തിരുവല്ലയില്‍ നിന്ന്‌ പൊടിയാടി വരെയും നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home