വോട്ടെടുപ്പ് നടന്നത് നാല് വാർഡുകളിൽ
ഉപതെരഞ്ഞെടുപ്പ്: ജില്ലയിൽ പോളിങ് 67.31 ശതമാനം

സ്വന്തം ലേഖിക
Published on Sep 29, 2026, 12:05 AM | 2 min read
പത്തനംതിട്ട
ജില്ലയിൽ നാല് വാർഡുകളിൽ തിങ്കളാഴ്ച നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 67.31 ശതമാനം പോളിങ്. 1256 പുരുഷൻമാരും 1532 സ്‌ത്രീകളും വോട്ട് ചെയ്തു. കുന്നന്താനം പഞ്ചായത്ത് വാർഡ് രണ്ട് വള്ളോക്കുന്ന്, അരുവാപ്പുലം പഞ്ചായത്ത് വാർഡ് ആറ് കല്ലേലി, റാന്നി പഞ്ചായത്ത് വാർഡ് 14 ബ്ലോക്കുപടി, കുറ്റൂർ പഞ്ചായത്ത് വാർഡ് എട്ട് ഓതറ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ആകെ 2788 പേർ വോട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ ഏഴിനാരംഭിച്ച പോളിങ് വൈകിട്ട് ആറിന് സമാപിച്ചു. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ. ഉച്ചയ്ക്ക് മുമ്പായി -ഫലം വ്യക്തമാകും.
കുന്നന്താനം, റാന്നി പഞ്ചായത്തുകളിൽ എൽഡിഎഫും അരുവാപ്പുലത്ത് യുഡിഎഫും കുറ്റൂരിൽ എൻഡിഎയുമാണ് നിലവിൽ ഭരണത്തിലുള്ളത്. ഉപതെരഞ്ഞെടുപ്പ് നടന്ന ബ്ലോക്കുപടി വാർഡിൽ മാത്രമാണ് പോളിങ് 70 ശതമാനം പിന്നിട്ടത്– 71.78 ശതമാനം.
ബ്ലോക്കുപടിയിൽ പോളിങ് 71.78 ശതമാനം
ബ്ലോക്കുപടിയിൽ ആകെയുള്ള 815 വോട്ടർമാരിൽ 585 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. 71.78 ശതമാനമാണ് ആകെ പോളിങ്. 241 പുരുഷൻമാരും 344 സ്‌ത്രീകളും വോട്ടിട്ടു. ചൊവ്വ രാവിലെ പത്തിന് റാന്നി പഞ്ചായത്ത് ഓഫീസിലാണ് വോട്ടെണ്ണൽ. യുഡിഎഫിന്റെ സിന്ധു സഞ്ജയൻ സർക്കാർ ജോലി കിട്ടിയതോടെ രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ജെസി സാബു (സിപിഐ എം സ്വതന്ത്ര) എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു.
വള്ളോക്കുന്നിൽ 69.74 ശതമാനം
കുന്നന്താനം പഞ്ചായത്ത് രണ്ടാം വാർഡ് വള്ളോക്കുന്നിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 69.74 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 1160 വോട്ടർമാരിൽ 809 പേർ വോട്ട് രേഖപ്പെടുത്തി. 358 പുരുഷൻമാരും 451 സ്‌ത്രീകളും വോട്ടിട്ടു. നിലവിലെ വാർഡംഗമായിരുന്ന എൽഡിഎഫ് അംഗം എം എസ് ബിന്ദു ജോലി ലഭിച്ചതിനെത്തുടർന്ന് രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സുനിലാ ദേവിയാണ് (സിപിഐ എം) എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്. വള്ളോക്കുന്ന് വാർഡിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ വള്ളോക്കുന്ന് സര്‍ക്കാര്‍ എല്‍വിഎല്‍പിഎസിന് ചൊവ്വാഴ്ച അവധിയാണ്.
ഓതറയിൽ 64.85
കുറ്റൂർ പഞ്ചായത്തിലെ ഓതറ വാർഡ് ഉപതെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് 64.85 ശതമാനം പോളിങ്. ആകെയുള്ള 1098 വോട്ടർമാരിൽ 712 പേർ വോട്ട് രേഖപ്പെടുത്തി. 342 പുരുഷൻമാരും 370 സ്‌ത്രീകളും വോട്ടിട്ടു. പോളിങ്ങിലുണ്ടായ വർധനവ് ഫലത്തെ ബാധിക്കും. പട്ടികജാതി സംവരണവാർഡായ ഓതറയിൽ യുഡിഎഫ് അംഗമായിരുന്ന രവി സത്യപ്രതിജ്ഞയ്‌ക്ക് പിറ്റേന്ന് മരിച്ചതാണ് ഒഴിവിന് കാരണം. രാജേഷ് (സിപിഐ) എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു. ഓതറ വാർഡിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ തിരുവല്ല ദേവസ്വം ബോര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനും ചൊവ്വാഴ്ച പ്രാദേശിക അവധിയാണ്.
കല്ലേലിയിൽ 63.8
അരുവാപ്പുലം കല്ലേലി വാർഡിൽ ആകെയുള്ള 1069 വോട്ടർമാരിൽ 682 പേർ വോട്ട് ചെയ്തു. 63.8 ശതമാനമാണ് ആകെ പോളിങ്. 315 പുരുഷൻമാരും 367 സ്‌ത്രീകളും വോട്ടിട്ടു. പട്ടികജാതി സംവരണമുള്ള കല്ലേലി വാർഡിലെ യുഡിഎഫ് അംഗമായിരുന്ന സി വി ശാന്തകുമാർ അടൂർ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സുമതി രമണൻ (സിപിഐ എം സ്വതന്ത്ര) എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു. അരുവാപ്പുലം പഞ്ചായത്തിലാണ് വോട്ടെണ്ണൽ.
Highlights: വോട്ടെണ്ണൽ ഇന്ന്









0 comments