സ്വീകരണ പരിപാടിക്ക് തുടക്കം
പ്രിജിക്ക് പ്രിയംനിറഞ്ഞ വരവേൽപ്പ്

എം സുജേഷ്
Published on Mar 28, 2026, 12:05 AM | 1 min read
പന്തളം
പന്തളം രക്തസാക്ഷി സ്മരണകളുടെ ചൂടും ചൂരും ഉറങ്ങുന്ന മുടിയൂർക്കോണം പന്തളം രക്തസാക്ഷി മണ്ഡപത്തിന് സമീപമുള്ള ശാസ്താംവട്ടം കവല വെള്ളിയാഴ്ച രാവിലെ എൽഡിഎഫ് അടൂർ മണ്ഡലം സ്ഥാനാർഥി പ്രിജി കണ്ണന് ഊഷ്മള സ്വീകരണത്തിനെത്തിയവരുടെ തിരക്കിലമർന്നു. ശാസ്‌താംവട്ടത്ത് പര്യടനം തുടക്കം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു ഉദ്‌ഘാടനം ചെയ്‌തു.
മുടങ്ങാതെ ക്ഷേമ പെൻഷനുകൾ ലഭിച്ചവരും പഠനസഹായം നൽകി കൈപിടിച്ചുയർത്തിയ ചെറുപ്പക്കാരുമടങ്ങിയ ജനാവലി സ്വീകരണ കേന്ദ്രങ്ങളിൽ തടിച്ചു കൂടി. അന്തിയുറങ്ങാൻ ലൈഫ് വീടുകളും മുടങ്ങാത്ത പെൻഷനും ലഭിച്ച കുടുംബങ്ങൾ സ്വീകരണ വഴികളിൽ ഹൃദയാഭിവാദ്യമർപ്പിച്ചു. മൂന്നാം എൽഡിഎഫ് സർക്കാരിൽ അടൂരിന്റെ പ്രതിനിധിയായ പ്രിജി കണ്ണൻ ജനമനസ്സുകളിൽ ചേക്കേറി.
കെ എൻ പ്രസന്നകുമാർ അധ്യക്ഷനായി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ടി ഡി ബൈജു, പി ബി ഹർഷകുമാർ, ആർ ജ്യോതികുമാർ, എ പി ജയൻ, ലസിത നായർ, വർഗീസ് പേരയിൽ, ജി ബൈജു, അഡ്വ. സതീഷ് കുമാർ, രാധാ രാമചന്ദ്രൻ, എസ് അരുൺ, സി കെ രവിശങ്കർ, എം ആർ കൃഷ്ണകുമാരി, ഡി സജി, ബി നിസാം, അരുൺ കെ എസ് മണ്ണടി, കെ മണിക്കുട്ടൻ, രാജൻ സുലൈമാൻ,ചന്ദ്ര മോഹനൻ, സാംസൺ ഡാനിയേൽ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ചു.
പര്യടനത്തിന്റെ ആദ്യദിവസം 38 കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്ക് സ്വീകരണം നൽകി. സമാപനം തെങ്ങിനാൽ ജങ്‌ഷനിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.










0 comments