പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനം
സർക്കാർ നടപടിയെടുത്തില്ലെങ്കിൽ അനിശ്ചിതകാല സത്യഗ്രഹം

പത്തനംതിട്ട
പരിസ്ഥിതിലോല മേഖലയിൽനിന്ന് പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളെ ഒഴിവാക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തര നടപടിയെടുത്തില്ലെങ്കിൽ അനിശ്ചിതകാല സത്യഗ്രഹം ഉൾപ്പെടെ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പരിസ്ഥിതി ലോല മേഖല പ്രഖ്യാപനത്തിനെതിരെ വെച്ചൂച്ചിറയിൽ നടത്തിയ കരിദിനാചരണ പ്രതിഷേധ കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ കൊല്ലമുള, പെരുനാട്, ചിറ്റാർ, സീതത്തോട്, വടശേരിക്കര, തണ്ണിത്തോട്, അരുവാപ്പുലം വില്ലേജുകളാണ് പട്ടികയിൽ പെട്ടിട്ടുള്ളത്. 2018-ൽ എൽഡിഎഫ് സർക്കാർ ഈ വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കിക്കൊണ്ടുള്ള നിർദേശമാണ് കേന്ദ്രത്തിന് നൽകിയത്. എന്നാൽ യുഡിഎഫ് സർക്കാർ ആവശ്യമായ നടപടിയെടുത്തില്ല. ഹരിത എംഎൽഎമാരുടെ നേതാവായ മുഖ്യമന്ത്രി പത്തനംതിട്ട ജില്ലയിലെ വില്ലേജുകളെ പരിഗണിക്കാൻ തയാറാകാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം, കർഷകസംഘം എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി മന്ത്രാലയത്തിന് ഇതിനകം 75,000 അപ്പീലുകളാണ് അയച്ചത്.
വെച്ചൂച്ചിറയിൽ ജില്ലാ പഞ്ചായത്തംഗം ടി കെ സജി, സിറിയക് തോമസ്, സജി കൊട്ടാരം, അഡ്വ. അമൽ ഏബ്രഹാം, ജോർജി ജോർജ് എന്നിവർ സംസാരിച്ചു.
പെരുനാട്ടിൽ ജില്ലാ കമ്മിറ്റിയംഗം പി എസ് മോഹനൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പി കെ അനിൽകുമാർ, റോബിൻ കെ തോമസ്, രാധാ പ്രസന്നൻ, കെ എസ് ഗോപി, രജനി പ്രദീപ് എന്നിവർ സംസാരിച്ചു. ചിറ്റാറിൽ ഏരിയ സെക്രട്ടറി എം എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം കെ ഷെരീഫ് അധ്യക്ഷനായി. കെ ജി മുരളീധരൻ, അഷറഫ് ആനപ്പാറ എന്നിവർ സംസാരിച്ചു.
അരുവാപ്പുലത്ത് കോന്നി ഏരിയ കമ്മിറ്റിയംഗം വർഗീസ് ബേബി ഉദ്ഘാടനം ചെയ്തു. സിപിഐ അരുവാപ്പുലം ലോക്കൽ സെക്രട്ടറി സുനിൽകുമാർ അധ്യക്ഷനായി. സന്തോഷ് കുമാർ, ക്ഷേമ ശേഖർ, രേഷ്മ മറിയം റോയ്, നിഷാദ് ലത്തീഫ് എന്നിവർ സംസാരിച്ചു.
വടശ്ശേരിക്കരയിൽ റാന്നി ഏരിയ സെക്രട്ടറി കെ പി സുഭാഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി എം വർഗീസ് അധ്യക്ഷനായി. കോമളം അനിരുദ്ധൻ, എ ആർ വിക്രമൻ, മിഥുൻ മോഹൻ, കെ ബിജു, അജികുമാർ, എം എസ് ചന്ദ്രൻ, വർഗീസ് മാത്യു, പി കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
സീതത്തോട്ടിൽ സിപിഐ എം പെരുനാട് ഏരിയ കമ്മിറ്റിയംഗം കെ കെ മോഹനൻ ഉദ്ഘാടനം ചെയ്തു. ജയ്സൺ സാജൻ ജോസഫ് അധ്യക്ഷനായി. ജോബി ടി ഈശോ, ലേഖ സുരേഷ്, പി ആർ പ്രമോദ് എന്നിവർ സംസാരിച്ചു.
Highlights: ഏഴ് വില്ലേജുകളിൽ സിപിഐ എം കരിദിനമാചരിച്ചു









0 comments