: ഇക്കോ ടൂറിസം സെന്ററിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്
ഓണത്തിന് എട്ടുലക്ഷം കടന്ന് വരുമാനം

ഷാഹീർ പ്രണവം
Published on Sep 08, 2026, 12:05 AM | 1 min read
കോന്നി
ഓണമാഘോഷിക്കാൻ വിനോദസഞ്ചാരികൾ ഒഴുകിയെത്തിയതോടെ കോന്നി ഇക്കോ ടൂറിസം സെന്ററിൽ റെക്കോഡ് കലക്ഷൻ. കോന്നി ആനത്താവളം കേന്ദ്രീകരിച്ചുള്ള ഇക്കോ ടൂറിസം സെന്ററിൽ വിവിധയിടങ്ങളിൽനിന്നെത്തിയ വിനോദസഞ്ചാരികളുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്. അഞ്ചുദിവസം 8,83,362 രൂപ വരുമാനം നേടി.
കഴിഞ്ഞ ഓണത്തിന് 6,75,950 രൂപയായിരുന്നു വരുമാനം. ഒന്നരലക്ഷം അധികവരുമാനമാണ് ഈ ഓണത്തിനുണ്ടായത്. ഉത്രാടദിവസമായ 25 മുതൽ 31 വരെയുള്ള അഞ്ച് പ്രവൃത്തിദിവസങ്ങളിൽ 5,909 വിനോദസഞ്ചാരികൾ ഇവിടെ സന്ദർശനം
നടത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത്– 1737 പേർ. അഞ്ചുദവസത്തിൽ 4,93,445 രൂപയാണ് സന്ദർശന പാസ് മുഖേനയുള്ള വരുമാനം. 79,401 രൂപയാണ് ക്യാന്റീൻ വരുമാനം. ആന മ്യൂസിയത്തിലെ ത്രീഡി തിയറ്റർ വരുമാനം 79,401 രൂപ.
ഉത്രാടം, അവിട്ടം, ചതയം ദിവസങ്ങളാണ് സന്ദർശകരുടെ തിരക്കേറിയത്.
ഇക്കോ ടൂറിസം സെന്ററിൽ ഫോറസ്റ്റ് ഡവലപ്മെന്റ് ഏജൻസി വനസംരക്ഷണസമിതിയംഗങ്ങൾ നടത്തുന്ന വനവിഭവ വിൽപ്പനകേന്ദ്രത്തിൽ 2,31,115 രൂപയുടെ വിൽപ്പന നടന്നു. തേൻ, കുന്തിരിക്കം, പുൽതൈലം, കരകൗശല വസ്തുക്കൾ, മറയൂർ വനവിഭവങ്ങൾ
എന്നിവയാണ് വിൽപ്പനയ്ക്കുള്ളത്. ആദിവാസികളിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന തേനിന് ആവശ്യക്കാരേറെയാണ്. സ്റ്റോക്ക് തീർന്നതിനെ തുടർന്ന് വയനാട്ടിൽനിന്ന് തേൻ എത്തിച്ചാണ് ഇപ്പോൾ വിതരണം. കോന്നി ആനത്താവളം കേന്ദ്രീകരിച്ചുള്ള ഗവി വിനോദസഞ്ചാരയാത്ര പുനഃരാരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.
കൂടുതൽ ആനകൾ വേണം
കുട്ടിയാനകളുടെ സാന്നിധ്യമായിരുന്നു എക്കാലത്തും ആനത്താവളത്തിലെത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിച്ചിരുന്നത്. 14 മാസം മുമ്പ് കുട്ടിക്കൊമ്പൻ കൊച്ചയ്യപ്പൻ ചരിഞ്ഞതോടെ കുട്ടിയാനകൾ ഇല്ലാതായി. ആനകളുടെ എണ്ണം കുറഞ്ഞു. പ്രിയദർശിനി, ഐവ, മീന, കൃഷ്ണ എന്നീ നാലാനകൾ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. കുറുന്പുകാട്ടി വിനോദസഞ്ചാരികളെ ആകർഷിച്ചിരുന്ന കൃഷ്ണ ഇപ്പോൾ മദപ്പാടിലാണ്. കോട്ടൂർ ആനത്താവളത്തിൽനിന്നും കുട്ടിയാനയടക്കം കൂടുതലാനകളെ എത്തിക്കുന്നതുവഴി കൂടുതൽ വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാവും.
നിലവിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ഉല്ലാസയാത്രയെയാണ് വിനോദസഞ്ചാരികൾ ആശ്രയിക്കുന്നത്.
അടവി കുട്ടവഞ്ചി സവാരികേന്ദ്രത്തിൽ ഓണക്കാലത്ത് അഞ്ച് ദിവസങ്ങളിലായി 4,11,000 രൂപയുടെ വരുമാനം ലഭിച്ചു.









0 comments