തെരുവ് നായയുടെ ആക്രമണത്തിൽ 65 കാരന് പരിക്ക്

കോന്നി
കുമ്മണ്ണൂർ മുളന്തറയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 65 കാരന് പരിക്ക്. കഴിഞ്ഞദിവസം വൈകിട്ട് മുളന്തറ ജങ്‌ഷനിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയിൽ മുളന്തറ കുളങ്ങര തങ്കച്ചൻ (65) നാണ് തെരുവുനായയുടെ കടിയേറ്റത്. ഇയാളുടെ തലയ്ക്കും കാലുകൾക്കും കൈകൾക്കും മുറിവേറ്റിട്ടുണ്ട്. അയൽവാസികൾ ഉടനെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുളന്തറയിലും സമീപപ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ എണ്ണം വർധിക്കുകയും ആളുകൾക്ക് വഴിയിലൂടെ സഞ്ചരിക്കാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും നാട്ടുകാർ പറയുന്നു. വയോധികരും കുട്ടികളും, സ്ത്രീകളും തെരുവുനായ്ക്കളുടെ ആക്രമണ ഭീഷണി നേരിടുകയാണ്. തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ തെരുവ് നായ്ക്കളുടെ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് മുളന്തറ ജനകീയ പൗരസമിതി ആവശ്യപ്പെട്ടു. അരുവാപ്പുലം പഞ്ചായത്തിലെ ഒന്ന് രണ്ട് വാർഡുകൾ ഉൾപ്പെടുന്ന ആനകുത്തി, മുളന്തറ, കുമ്മണ്ണൂർ പ്രദേശങ്ങളിൽ തെരുവുനായ ശല്യം ജനജീവിതത്തിന് ഭീഷണിയായി മാറുകയാണ്. രാവിലെ മദ്രസയിലേക്കും ട്യൂഷനും സ്കൂളുകളിലേക്കും പോകുന്ന കുട്ടികൾക്ക് നേരെയും നായകളുടെ ആക്രമണ ഭീതിയിലാണ്. വീടിനു പുറത്തുള്ള വാഹനങ്ങളും മറ്റ് ആവശ്യസാമഗ്രികളും നായകൾ കേടുപാടുകൾ വരുത്തുന്നതും പതിവായിട്ടുണ്ട്.










0 comments