ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനം
അതിജീവിക്കും ഇൗ സൗഹൃദങ്ങളുടെ കരുത്തിൽ

ആൽഫിൻ ഡാനി
Published on Dec 03, 2025, 12:05 AM | 1 min read
മല്ലപ്പള്ളി
ശാരീരിക വൈകല്യങ്ങളെ സൗഹൃദങ്ങളുടെ കരുത്തില്‍ ചെറുത്തുതോല്‍പ്പിക്കുകയാണ് മല്ലപ്പള്ളി സിഎംഎസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി നിതിന്‍ ജോസഫ് വര്‍ഗീസ്. ആനിക്കാട് കിഴക്കേക്കര കെ എസ് വര്‍ഗീസ്, സാലി വര്‍ഗീസ് ദമ്പതികളുടെ മകനായ നിതിന്‍ കൈകാല്‍ മസിലുകള്‍ക്ക് ക്ഷയം സംഭവിക്കുന്ന 'മസ്കുലാര്‍ ഡിസ്ട്രോഫി' ബാധിതനാണ്. ഭിന്നശേഷിയുടെ പ്രയാസങ്ങള്‍ മറന്ന് നിതിനെ മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ത്തുനിര്‍ത്തുകയാണ് സഹപാഠികളും, അധ്യാപകരും, സ്കൂള്‍ ജീവനക്കാരും. വീല്‍ചെയറിന്റെ സഹായത്തോടെ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന നിതിന് ചുറ്റും എപ്പോഴും സഹപാഠികളുടെ ഒരു സംഘമുണ്ടാകും. ക്ലാസില്‍ പഠനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതും, ഭക്ഷണം കഴിക്കുന്നതും, പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതുമെല്ലാം ഇവരുടെ സഹായത്താലാണ്. ഒരു തരത്തിലുള്ള പക്ഷഭേദവും കുട്ടികളുടെ ഭാഗത്തുനിന്ന് നിതിന് നേരിടേണ്ടി വന്നിട്ടില്ലെന്ന് അധ്യാപകരും, സ്കൂള്‍ ജീവനക്കാരും സാക്ഷ്യപ്പെടുത്തുന്നു. ഭിന്നശേഷിയുടെ പേരില്‍ ആരും മാറ്റിനിര്‍ത്തപ്പെടാന്‍ പാടില്ലെന്നും, പരസ്പര സഹായത്തോടെ അങ്ങനെയുള്ളവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന സന്ദേശമാണ് കുട്ടികള്‍ നല്‍കുന്നതെന്ന് പ്രധാനാധ്യാപകന്‍ ഡബ്ലിയു ജെ വര്‍ഗീസ് പറഞ്ഞു. സര്‍ക്കാര്‍ നേതൃത്വത്തില്‍ ബിആര്‍സിയിലെ സ്പെഷ്യല്‍ എഡ്യുകേറ്റര്‍മാരുടെ സഹായവും നിതിന് നല്‍കുന്നുണ്ട്. അധ്യാപികയായ ദിവ്യ സ്വാമിയുടേയും, ഫിസിയോ തെറാപ്പിസ്റ്റായ അമൃതയുടേയും സഹായം നിതിനൊപ്പം എപ്പോഴുമുണ്ട്. വേര്‍തിരിവുകളില്ലാതെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്നതാണ് പൊതുവിദ്യാഭ്യാസത്തിന്റെ മേന്മയെന്നും ഭിന്നശേഷി ദിനത്തില്‍ ഓര്‍മിപ്പിക്കുകയാണ് മല്ലപ്പള്ളി സിഎംഎസ് സ്കൂള്‍.










0 comments