മല്ലപ്പള്ളിയില്‍ ഉയരുന്നത് 50 കോടിയുടെ ആശുപത്രി

ആൽഫിൻ ഡാനി
Published on Mar 21, 2026, 12:05 AM | 1 min read
മല്ലപ്പള്ളി
മല്ലപ്പള്ളിയില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ 50 കോടിയുടെ ആശുപത്രി കെട്ടിടമാണ് ഉയരുന്നത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50.45 കോടി രൂപ ചെലവഴിച്ചാണ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിക്ക് പുതിയ ആറ് നില കെട്ടിടം പണിയുന്നത്. അഡ്വ. മാത്യു ടി തോമസ് എംഎല്‍എയുടെ ശ്രമഫലമായി 2019ലാണ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിടം നിര്‍മിക്കുവാന്‍ തീരുമാനമായത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണ കരാര്‍. കെട്ടിടത്തിന്റെ അടിത്തറ നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായി വരുന്നത്. സംസ്ഥാന വൈദ്യുതി ബോര്‍ഡ് സിവില്‍ എൻജിനീയറിങ് വിഭാഗമാണ് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയതും നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നതും. താഴത്തെ നിലയില്‍ അത്യാഹിത വിഭാഗവും ഒന്നാം നിലയില്‍ ഒപി, ശസ്ത്രക്രിയ വിഭാഗം, ഫാര്‍മസി, ഫാര്‍മസി സ്റ്റോര്‍, ഗൈനക്കോളജി, പീഡിയാട്രിക്, ഓര്‍ത്തോ, ഇഎന്‍ടി, സൈക്യാട്രി, ഡെന്റല്‍,അള്‍ട്രാ സൗണ്ട് സ്‌കാന്‍ എന്നിവയും രണ്ടാം നിലയില്‍ തീവ്രപരിചരണ വിഭാഗം, രക്തബാങ്ക്, ലബോറട്ടറി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, മൂന്നാം നിലയില്‍ ഓപ്പറേഷന്‍ തിയറ്ററും നാലാം നിലയില്‍ തീവ്രപരിചരണ വിഭാഗം, ഡയാലിസിസ്, വിശ്രമമുറി എന്നിവയും അഞ്ചാം നിലയില്‍ വാര്‍ഡുമാണ് നിര്‍മിക്കുക. നിലവിലുള്ള കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ പാലവും നിര്‍മിക്കും. നിലവിലുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വനിതാ വാര്‍ഡും ഭക്ഷണശാലയും ഒന്നാം നിലയില്‍ ലേബര്‍ റൂമും എമര്‍ജന്‍സി ഓപ്പറേഷന്‍ തിയറ്ററും എന്‍ഐസിയുവും നിര്‍മിക്കും. ആയുര്‍വേദ ആശുപത്രി, സ്കൂള്‍ കെട്ടിടങ്ങള്‍, പാറക്കടവ് പാലം, നിരവധി റോഡുകള്‍ അടക്കം കോടിക്കണക്കിന് രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് അഞ്ചുവര്‍ഷത്തിനിടയില്‍ മല്ലപ്പള്ളി പഞ്ചായത്തില്‍ മാത്രം നടപ്പാക്കിയത്.










0 comments