കലഞ്ഞൂരിലൊരുങ്ങുന്നു ശലഭപാർക്ക്
"പൂന്തേനുണ്ണും പൂന്പാറ്റ...'

കലഞ്ഞൂർ –പാടം റോഡരികിൽ നിർമാണം പുരോഗമിക്കുന്ന ശലഭപാർക്ക്
ജി സതീശൻ
Published on Apr 12, 2026, 12:15 AM | 1 min read
കലഞ്ഞൂർ
"പൂവുകൾ തെണ്ടും പൂന്പാറ്റ, പൂന്പൊടി പൂശും പൂന്പാറ്റ, പൂന്തേനുണ്ണും പൂന്പാറ്റ, പൂവിൽ മയങ്ങും പൂന്പാറ്റ'... എന്ന് പാടിക്കളിക്കാനൊരു ശലഭ പാർക്ക്. വിജ്ഞാനത്തിനും വിനോദത്തിനും ഒരുപോലെ പ്രധാന്യം നൽകിയാണ് കലഞ്ഞൂരിൽ ബട്ടർ ഫ്ലൈ പാർക്ക് ഒരുങ്ങുന്നത്. വനംവകുപ്പിന്റെ നഗരവാടിക പദ്ധതിയുടെ ഭാഗമായി പൂക്കളും പൂമ്പാറ്റകളും നിറഞ്ഞ വർണലോകം ഇവിടെ തീർക്കുകയാണ്. കലഞ്ഞൂർ ഡിപ്പോ ജങ്‌ഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വനസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ കലഞ്ഞൂർ-–പാടം റോഡരികിൽ ഡിപ്പോ ജങ്‌ഷനിലാണ് നിർമാണം.
പദ്ധതി പ്രദേശത്ത് പൂമ്പാറ്റകളെയും ചെറുകിളികളെയും ആകർഷിക്കുന്ന തരത്തിലുള്ള പൂക്കളുണ്ടാകുന്ന ചെടികളും വിവിധ തരത്തിലുള്ള ഔഷധച്ചെടികളും നട്ടുപിടിപ്പിച്ചാണ് പാർക്കിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഒൗഷധത്തോട്ടത്തിൽ നടപ്പാതയും തയാറായി. ചെടികൾ വളർന്നുതുടങ്ങി. പദ്ധതി പൂർത്തിയാകുന്നതോടെ കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന വിനോദ, വിശ്രമകേന്ദ്രമായി ഇത് മാറും.
തണൽ വിരിച്ചുനിൽക്കുന്ന വൻമരങ്ങളും സമീപത്തുകൂടി ഒഴുകുന്ന നീർച്ചോലയും പാർക്കിനെ സദാസമയവും കുളിർമയുള്ളതാക്കുന്നു. സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ലഘുഭക്ഷണ സ്റ്റാളുമെല്ലാം ഇവിടെ ഒരുക്കും. വനാതിർത്തിയോടുചേർന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനോപാധിയെന്ന നിലയിലാണ് വനസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നിർമാണം നടക്കുന്നത്.









0 comments