"വൈബ് ഷിഫ്‌റ്റിൽ വയേർഡ് ഹെഡ്‌ഫോൺ'


സായൂജ് ചന്ദ്രൻ
Published on Aug 09, 2026, 12:57 AM | 1 min read
പാലക്കാട്
"ഇയർ ബെഡും വേണ്ട, ബ്ലൂടൂത്തും വേണ്ട, റെട്രോ ലുക്കുള്ള വയേർഡ് ഹെഡ്‌ഫോൺ മതി' കാലം മാറുമ്പോൾ പോയകാലത്തെ ട്രെൻഡുകളും തിരികെയെത്തുന്നു. ചെവിയിൽ പഞ്ഞിപോലെ തിരുകിക്കയറ്റിയിരുന്ന വയർലെസ് ഹെഡ്ഫോണുകൾക്ക് തൽക്കാലം വിട. ഫോണിലും കംപ്യൂട്ടറിലും നേരിട്ട് കണക്ട് ചെയ്യുന്ന പഴയതരം ഹെഡ്‌ഫോണുകളെ തേടിയാണ് ആളുകൾ ഇപ്പോൾ എത്തുന്നത്. വയർലെസ് ഇയർഫോണുകളും ഇയർബഡ്സുകളും സാധാരണമായ ഒരുകാലത്താണ് മാറ്റം എന്നത് ഏറെ ശ്രദ്ധേയം. അടുത്ത കാലത്താണ് വയർലെസ് ഹെഡ്‌ഫോണുകൾ വ്യാപകമായത്. പഴയകാലത്തെ ബാഗി ജീൻസിലേക്കും ഇറക്കം കുറഞ്ഞ അയഞ്ഞ ഷർട്ടിലേക്കും തിരിച്ചുപോയ പുതിയ തലമുറ വീണ്ടും വയറുള്ള ഹെഡ്‌ഫോണിലേക്ക് തിരിഞ്ഞു. ചെവിയിൽ ഹെഡ്‌ഫോൺവച്ച് കാറിൽനിന്ന് പുറത്തിറങ്ങുന്ന സിനിമാ താരങ്ങളുടെയും ഇൻഫ്ലുവൻസർമാരുടെയും റീലുകളും സ്വാധീനം ചെലുത്തി. കാഴ്‌ചയിലെ കൗതുകം മാത്രമല്ല രണ്ട് ഇയർഫോണുകളുടെയും ഗുണങ്ങളും പരിശോധിച്ചാണ് പുതിയ നീക്കം. വയർലെസ് ബഡ്സുകൾ നിരന്തരം ചാർജ് ചെയ്യേണ്ടി വരുമ്പോൾ വയേർഡ് ഹെഡ്‌സെറ്റുകൾ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. ഫോണിലോ ലാപ്‌ടോപ്പിലോ കംപ്യൂട്ടറിലോ എവിടെയും നേരിട്ട് ഉപയോഗിക്കാം. താരതമ്യേന കുറഞ്ഞ വിലയുമാണ്. ഫോൺ കോളുകളിൽ കൃത്യതയോടെ സംസാരിക്കാനും സൗകര്യം. സ്‌ക്രീനിലെ കാഴ്‌ചകളിൽ ശബ്‌ദം വൈകിയെത്തുന്ന പ്രശ്നവുമില്ല. ചെറിയ ടിഡബ്ല്യുഎസ് ബഡ്സുകൾ നഷ്ടപ്പെടാനുള്ള സാധ്യതയേറെയാണ്. ഒരു ചെവിയിലുള്ളത് നഷ്ടപ്പെട്ടാൽ മറ്റൊരെണ്ണം വാങ്ങാനാകില്ല. വയേർഡിന് ആ ഭയവുമില്ല.










0 comments