Deshabhimani

നെൽപ്പാടങ്ങളിൽ 
മുഞ്ഞ വ്യാപകം

മുഞ്ഞ ബാധിച്ച കൊല്ലങ്കോട് കൃഷിഭവൻ പരിധിയിലെ വയൽ
വെബ് ഡെസ്ക്

Published on Sep 24, 2026, 02:00 AM | 1 min read

സ്വന്തം ലേഖകൻ

കൊല്ലങ്കോട്

കൃഷിഭവൻ പരിധിയിലെ വിവിധ നെൽപ്പാടങ്ങളിൽ മുഞ്ഞബാധ രൂക്ഷമാകുന്നു. ഇളംപ്രായത്തിലുള്ളതും വലുതുമായ മുഞ്ഞകൾ ചെടിയുടെ തണ്ടിൽ കൂട്ടംകൂടിയിരുന്ന്‌ നീരൂറ്റിക്കുടിക്കുന്നതോടെ തണ്ടും ഇലകളും ഓറഞ്ച്‌ കലർന്ന മഞ്ഞനിറത്തിലാകുകയും പിന്നീട് കരിഞ്ഞുണങ്ങുകയും ചെയ്യും. തുടക്കത്തിൽ ചെറിയൊരു ഭാഗത്തുണ്ടാകുന്ന ആക്രമണം പിന്നീട്‌ മറ്റു ഭാഗങ്ങളിൽക്കൂടി വ്യാപിക്കും. ചെടികൾ തട്ടിനോക്കിയാൽ മുഞ്ഞകൾ പറക്കുന്നതായി കാണാം. കതിരുവന്ന പാടങ്ങളിൽ ആക്രമണമുണ്ടായാൽ വിളവ് തീരെ ലഭിക്കുകയില്ല. നിലവിലെ മൂടിക്കെട്ടിയ കാലാവസ്ഥയും കടുത്ത ചൂടും മുഞ്ഞകൾ പെരുകാൻ അനുകൂലമായ സാഹചര്യമാണൊരുക്കുന്നത്‌. പൈറിത്രോയിഡ് വിഭാഗത്തിൽപ്പെട്ട കീടനാശിനികളുടെ പ്രയോഗം മിത്രപ്രാണികൾ നശിക്കാനും മുഞ്ഞകൾ പെരുകാനും കാരണമാകും. അതിനാൽ കൃഷിവകുപ്പിന്റെ ശുപാർശയില്ലാത്ത മാരക കീടനാശിനികൾ ഒഴിവാക്കണം. കർഷകർ ദിവസവും പാടം നിരീക്ഷിക്കുകയും ചെടികൾ തട്ടി മുഞ്ഞകളുണ്ടോയെന്ന് ഉറപ്പുവരുത്തുകയും വേണം. പാടത്ത്‌ വെള്ളമുണ്ടെങ്കിൽ തുറന്നുവിടണം. യൂറിയപോലുള്ള നൈട്രജൻ വളങ്ങൾ ഉപയോഗിക്കരുത്‌. ഒരു നുരിയിൽ 25–30 മുഞ്ഞകൾ കാണുന്നുണ്ടെങ്കിൽ ഒരു ഏക്കറിന്‌ 100 ലിറ്റർ വെള്ളത്തിൽ പശകൂടി ചേർത്ത്‌ ഫ്ലോണിക്കാമിഡ് 60 ഗ്രാം, അല്ലെങ്കിൽ തയോമെതോക്‌സാം 40 ഗ്രാം അതുമല്ലെങ്കിൽ പൈമെട്രോസിൻ 80 ഗ്രാം ഇവയിലൊന്ന്‌ തളിക്കണമെന്ന്‌ കൃഷിഭവൻ അധികൃതർ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home