നയം നടപ്പാക്കാൻ മുഖ്യമന്ത്രിക്ക് കൂട്ട് ബിജെപി: എം വി ഗോവിന്ദൻ

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തിനിടെ മഴ പെയ്തപ്പോൾ കസേരകൾ തലയിൽ വച്ച് നിൽക്കുന്നവർ /ഫോട്ടോ : സുമേഷ് കോടിയത്ത്
പാലക്കാട്
സർക്കാർ നയങ്ങൾ നടപ്പാക്കാൻ ബിജെപിയും ആർഎസ്‌എസുമായാണ് മുഖ്യമന്ത്രി വി ഡി സതീശൻ ചർച്ചനടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് സമാപനം കുറിച്ച് ചേർന്ന പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ പല കാര്യങ്ങളും മാധ്യമങ്ങളിൽനിന്നാണ് മനസിലാക്കുന്നതെന്നാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞത്. സ്‌പീക്കറും മന്ത്രി എ പി അനിൽകുമാറും ഇത് ആവർത്തിച്ചു. എന്നാൽ എല്ലാ കാര്യത്തിലും സതീശൻ ആർഎസ്‌എസുമായി കൂടിയാലോചന നടത്തുന്നുണ്ട്. ആകാശവും കടലുമെല്ലാം വിൽക്കുകയാണ്. അംബാനിക്കും അദാനിക്കും വേണ്ടിയാണ് ഭരണം. യുഡിഎഫ് സർക്കാർ നടപ്പാക്കുന്ന പല പരിപാടികളും തങ്ങളുടേതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലാണ്. കേന്ദ്രത്തിനെതിരെ ഒരക്ഷരം പറയാൻ സതീശൻ തയ്യാറല്ല. കോൺഗ്രസ് ആസ്ഥാനത്തും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും വന്ദേമാതരം മുഴുവൻ പാടി. അതൊക്കെ ബിജെപി ഡീലിന്റെ ഭാഗമാണ്. ബിജെപിയെ വിമർശിക്കാൻ ലീഗിനും ഭയമാണ്. ഇടതുപക്ഷം ശക്തമായി തിരിച്ചുവരും. അതിന്റെ സൂചനയാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് നടത്തിയ മുന്നേറ്റം. യുഡിഎഫ് സർക്കാർ അധികാരത്തിൽവന്ന് നാല് മാസമാകുമ്പോഴേക്കും പവർ കട്ട് വന്നു. എൽഡിഎഫ് കൊണ്ടുവന്ന സ്‌ത്രീസുരക്ഷ പെൻഷൻ പദ്ധതി നിർത്തി. പത്ത് വർഷത്തിൽ എൽഡിഎഫ് കേരളത്തെ സകലമേഖലകളിലും ലോകോത്തരമാക്കി. ഇത് തകർക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. മുസ്‌ലിം ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെ ശിഷ്യരായി വർഗീയമായി തരംതാണുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments