ട്രെന്‍ഡ്സ്
മിന്നൽവള കൈയിലിട്ട പെണ്ണഴകേ..


സായൂജ് ചന്ദ്രൻ
Published on Oct 18, 2026, 12:00 AM | 1 min read
പാലക്കാട്
കൂട്ടിമുട്ടിയാൽ മിന്നൽ നാദം പോലെ കിലുങ്ങുന്ന കുപ്പിവളകൾ വീണ്ടും കൈകൾക്ക് അഴകാകുന്നു. തലമുറമാറ്റത്തിൽ വിൽപ്പന കുറഞ്ഞ കണ്ണാടിവളകൾക്ക് സമീപകാലത്ത് ആവശ്യക്കാരേറെയാണ്. കലാകാരൻമാരുടെ ക്രിയാത്മക ബുദ്ധിയിലൂടെ പുത്തൻ രൂപത്തിലാണ് കുപ്പിവളകളുടെ പുതിയ വരവ്. കുപ്പിവളകളുടെ ചരിത്രം ആരംഭിക്കുന്നത് മുഗൾ കാലഘട്ടം മുതലാണ്. ഉത്തർപ്രദേശിലെ ഫിറോസാബാദ് പോലുള്ള നഗരങ്ങൾ സജീവ നിർമാണ കേന്ദ്രങ്ങളായിരുന്നു. മലയാളികളുടെ ഗൃഹാതുരത്വത്തിലും കുപ്പിവളകൾക്ക് വലിയൊരു സ്ഥാനമുണ്ട്. സിനിമാപാട്ടുകളിലും നാടൻപാട്ടുകളിലും കവിതകളിലും കുപ്പിവളകളെക്കുറിച്ചുള്ള വരികൾ നിരവധിയാണ്. രണ്ടായിരത്തിന്റെ തുടക്കത്തോടെയാണ് മലയാളിയുടെ ഫാഷൻ ലോകത്തുനിന്ന് കുപ്പിവളകൾ മാഞ്ഞത്. എന്നാൽ ഇപ്പോൾ ഇൻസ്റ്റഗ്രാം, ഫെയ്‌സ്‌ബുക്ക് റീലുകളിൽ കുപ്പിവളകൾ നിറഞ്ഞതോടെ പഴമ പുതുമോടിയിൽ തിരികെയെത്തി. പരമ്പരാഗത ഡിസൈനുകൾക്ക് പുറമെ മിനിമലിസ്റ്റിക് ഡിസൈനുകളിലും ഫാൻസി പാറ്റേണുകളിലും കുപ്പിവളകൾ ഇന്ന് ലഭ്യമാണ്. കൈകൊണ്ട് വരച്ച ചിത്രങ്ങൾ, മിറർ വർക്കുകൾ, ത്രെഡ്, കുന്ദൻ വർക്കുകൾ എന്നിവ കൂടുതൽ ആകർഷകമാക്കുന്നു. കുപ്പിവളക്കുള്ളിൽ ശങ്കും മുത്തുകളുമുള്ള "ഓഷ്യൻ തീം ബാങ്കിൾ' ഓൺലൈൻ വ്യാപാര വെബ്‌സൈറ്റുകളിൽ വിൽപ്പനയിൽ മുന്നിലുണ്ട്. ഉത്തരേന്ത്യൻ ഡിസൈനുകൾക്കാണ് കൂടുതൽ ആവശ്യക്കാർ. പ്ലാസ്റ്റിക്, മെറ്റൽ വളകളെ അപേക്ഷിച്ച് പരിസ്ഥിതി സൗഹൃദവും പുനരുപയോഗ സാധ്യതയും യുവതലമുറയെ ആകർഷിക്കുന്നു. വിശേഷ ദിവസങ്ങളിൽ സാരിക്കൊപ്പം അണിയാനാണ് കൂടുതൽപേർക്കും താൽപ്പര്യം. പുത്തൻ വസ്‌ത്രങ്ങൾക്കൊപ്പം ഇണങ്ങുന്ന കുപ്പിവളകൾ ധരിക്കുന്നതും സ്ഥിരമാകുന്നുണ്ട്.









0 comments