ഹെൽത്ത് ഇൻസ്പെക്ടറെ 80 കിലോമീറ്റർ ദൂരേക്ക് സ്ഥലംമാറ്റി
മികച്ച സേവനത്തിന് ആരോഗ്യവകുപ്പിൽ ‘ശിക്ഷ’

വേണു കെ ആലത്തൂർ
Published on Oct 01, 2026, 12:31 AM | 1 min read
പാലക്കാട്
മികച്ച സേവനത്തിന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പ്രത്യേക പരാമർശം നേടിയ ഹെൽത്ത് ഇൻസ്പെക്ടറെ 80 കിലോമീറ്റർ ദൂരേക്ക് സ്ഥലംമാറ്റി ശിക്ഷ. എന്നാൽ വീഴ്ചവരുത്തിയ ജീവനക്കാരന് വീട്ടിനടുത്ത് നിയമനവും നൽകി. തച്ചനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ (ഗ്രേഡ്–2) സി ബാലകൃഷ്ണനെയാണ് മാനദണ്ഡങ്ങൾ അട്ടിമറിച്ച് 80 കിലോമീറ്റർ ദൂരെയുള്ള വണ്ണാമട കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലംമാറ്റിയത്. ഇതിനെതിരെ ബാലകൃഷ്ണൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതിനെ തുടർന്ന് സ്ഥലംമാറ്റം തടയുകയും ഒരു മാസത്തിനകം ആരോഗ്യ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇൗ റിപ്പോർട്ടിലാണ് ബാലകൃഷ്ണൻ കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തിന്റെ സേവനം അവിടെ അത്യാവശ്യമാണെന്നും റിപ്പോർട്ട് നൽകിയത്. പൊതുസ്ഥലംമാറ്റമല്ലെന്നും നിലവിൽ ജോലിചെയ്യുന്ന സ്ഥലത്ത് മുന്നുവർഷം തികഞ്ഞിട്ടില്ലെന്നും ഡയറക്ടർ അറിയിച്ചിട്ടുണ്ട്. വണ്ണാമട കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ കൊഴിഞ്ഞാന്പാറ, എരുത്തേന്പതി പഞ്ചായത്തുകൾ സാമൂഹ്യമായും സാന്പത്തികമായും പിന്നാക്കം നൽക്കുന്ന പ്രദേശങ്ങളാണെന്നും ആയിരത്തിലധികം പട്ടികജാതി കുടുംബങ്ങൾക്ക് ആരോഗ്യ വകുപ്പിന്റെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ളതിനാൽ കാര്യപ്രാപ്തിയുള്ള ജീവനക്കാരന്റെ സേവനം വണ്ണാമടയിൽ വേണ്ടതിനാൽ ബാലകൃഷ്ണനെ അവിടെത്തന്നെ തുടരാൻ അനുവദിക്കണമെന്നുമാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ബാലകൃഷ്ണന്റെ സ്ഥലംമാറ്റം അംഗീകരിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിറക്കി. ആരോഗ്യ പ്രവർത്തനങ്ങളിൽ വീഴ്ചവന്നതിനാലാണ് മികച്ച പ്രവർത്തനം നടത്തിയ ജീവനക്കാരനെ അവിടേക്ക് സ്ഥലം മാറ്റുന്നതെന്ന ആരോഗ്യ വകുപ്പ് ഡയറക്ടർ പറയുന്പോൾ, നിലവിൽ അവിടെ ജോലിചെയ്തിരുന്ന ഹെൽത്ത് ഇൻസ്പെക്ടർക്ക് വീട്ടിനടുത്തേക്ക് സ്ഥലംമാറ്റം നൽകുകയും ചെയ്തു. വണ്ണാമടയിലെ ഹെൽത്ത് ഇൻസ്പെക്ടറും എൻജിഒ അസോസിയേഷൻ പ്രവർത്തകനുമായ കുമരംപുത്തുർ സ്വദേശി കെ സുരേഷ് വീട്ടിനടുത്തേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരുന്നു. ഇത് നടപ്പാക്കാനാണ് ബാലകൃഷ്ണനെ വണ്ണാമടയിലേക്ക് മാറ്റിയത്. എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയംഗമായ ബാലകൃഷ്ണനെ ഒരു കാരണവശാലും തച്ചനാട്ടുകരയിൽ നിർത്താൻ അനുവദിക്കില്ലെന്ന് ഭരണാനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു.









0 comments