ad
Deshabhimani

യാത്രപോകാം... ആനന്ദത്തിലേക്ക്‌

സീതാർകുണ്ട്‌ ഇക്കോ ടൂറിസം കേന്ദ്രം

സീതാർകുണ്ട്‌ ഇക്കോ ടൂറിസം കേന്ദ്രം

avatar
സ്വന്തം ലേഖകൻ

Published on Apr 14, 2026, 12:00 AM | 1 min read

പാലക്കാട്‌

അവധിക്കാലം ആനന്ദക്കാലമാക്കാനെത്തുന്നവരെ വരവേറ്റ്‌ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. പശ്ചിമഘട്ട മലനിരകൾക്കുതാഴെ പ്രകൃതിയുടെ സ‍ൗന്ദര്യം ആസ്വദിക്കാൻ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നടക്കം പാലക്കാടിലേക്ക്‌ ആളുകളെത്താറുണ്ട്‌. കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും സഞ്ചാരികൾ നിറയുമെന്ന പ്രതീക്ഷയിലാണ്‌ നാട്‌. സൈലന്റ്‌വാലി ദേശീയ ഉദ്യാനം, അട്ടപ്പാടി, നെല്ലിയാമ്പതി, പറമ്പിക്കുളം കടുവ സങ്കേതം, കൊല്ലങ്കോട്‌, മലന്പുഴ എന്നിവയാണ്‌ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനയിടങ്ങൾ. സൈലന്റ്‌വാലി ദേശീയോദ്യാനത്തിൽ വനത്തിലൂടെയുള്ള ട്രക്കിങ്ങും ക്യാമ്പുമാണ്‌ പ്രത്യേകത. സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസിമേഖലകളിലൊന്നാണ്‌ അട്ടപ്പാടി. ആനമൂളി, മുക്കാലി, ചിണ്ടക്കി, കക്കുപ്പടി, കൽക്കണ്ടി, കള്ളമല, ജെല്ലിപ്പാറ, ഒമ്മല, മുണ്ടൻപാറ, സീങ്കര, പക്കുളം, താവളം, കൂക്കംപാളയം, കോട്ടത്തറ, ഗൂളിക്കടവ്, അഗളി, പാലൂർ, പുതൂർ, ആനക്കട്ടി, ഷോളയൂർ, ചാവടിയൂർ, മുള്ളി, ചിറ്റൂർ, കുറവൻപാടി തുടങ്ങിയ സ്ഥലങ്ങൾ പ്രകൃതിഭംഗിയാൽ സമ്പന്നം. സമുദ്രനിരപ്പില്‍നിന്ന്‌ 1,572 മീറ്റര്‍ ഉയരത്തിലുള്ള നെല്ലിയാമ്പതിയിലെ തണുത്ത കാലാവസ്ഥയാണ്‌ സഞ്ചാരികൾക്ക്‌ പ്രിയം. വ്യൂപോയിന്റുകളും തേയില, കാപ്പി, ഓറഞ്ച്‌, കാരറ്റ്‌ തോട്ടങ്ങളും കാഴ്‌ചകൾ. വനപാലകരുടെ നേതൃത്വത്തിൽ കാട്ടിനുള്ളിൽ നടത്തുന്ന ട്രക്കിങ്ങാണ്‌ പറമ്പിക്കുളത്തെ മുഖ്യ ആകർഷണം. വന്യമൃഗങ്ങൾ, ഡാമുകൾ, കന്നിമാരത്തേക്ക്‌, മുളകൊണ്ടുണ്ടാക്കിയ കുടിലുകൾ എന്നിങ്ങനെ നിരവധി കാഴ്‌ചകൾ. ടെന്റഡ്‌ നിച്ച്‌ പ്രോഗ്രാം, ജംഗിഹ സഫാരി, ബാംബു റാഫ്‌റ്റിങ്‌, ട്രൈബൽ സിംഫണി, പക്ഷി നിരീക്ഷണം എന്നിങ്ങനെ 12 ഇക്കോ ടൂറിസം പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്‌. രാത്രിയിൽ ആസ്വദിക്കാനാകുന്ന ടിംബർ നൂക്ക്‌, ഹണി കോംപ്ലക്സ്‌ പാക്കേജുകളുമുണ്ട്‌. സമൂഹ മാധ്യമങ്ങളിലൂടെ ഇഷ്ടയിടങ്ങളായി മാറിയ കൊല്ലങ്കോടും ധോണിയും തെക്കേ മലമ്പുഴയും കവയുമാണ്‌ സഞ്ചാരികൾ തേടിയെത്തുന്ന മറ്റ്‌ ഇടങ്ങൾ. വെള്ളംതാഴ്‌ന്ന തെക്കേ മലമ്പുഴയിലും കവയിലും ഏപ്രിൽ മുതൽ തിരക്ക്‌ തുടങ്ങി.

അടിപൊളിയാണ്‌ അണക്കെട്ടുകൾ...

ജില്ലയിലെ അണക്കെട്ടുകളിൽ തിരക്ക്‌ തുടങ്ങി. മലമ്പുഴ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, പറമ്പിക്കുളം, ശിരുവാണി, ചുള്ളിയാർ, മംഗലം, മൂലത്തറ, മീങ്കര, വാളയാർ എന്നീ അണക്കെട്ടുകളാണ്‌ മികച്ച കാഴ്‌ച ഒരുക്കുന്നവ. സാഹസികത ഇഷ്ടപ്പെടുന്നവർക്ക്‌ അതിനുള്ള സ‍ൗകര്യവുമുണ്ട്‌. മലമ്പുഴയിൽ സ്നേക്ക് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററും ശുദ്ധജല അക്വേറിയവും റോക്ക്‌ ഗാർഡനും വേറിട്ട അനുഭവങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home