കാഞ്ഞിരപ്പുഴയിൽ ജലനിരപ്പ് താഴ‍്ന്നു

മണ്ണാർക്കാട്
വേനൽ ശക്തമായതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നു. വേനൽ കടുത്തതും ഇടമഴ ലഭിക്കാത്തതും കാഞ്ഞിരപ്പുഴ അണക്കെട്ടിലെ ജലനിരപ്പ് താഴാൻ കാരണമായി. ഇതേ തുടർന്ന് മണ്ണാർക്കാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമത്തിന് സാധ്യതയേറി. ഒരാഴ്ചയ്-ക്കിടെ അഞ്ചുമീറ്ററിൽ അധികം വെള്ളമാണ് കുറഞ്ഞത്. മേഖലയിലെ കാർഷിക–-കുടിവെള്ള ആവശ്യങ്ങൾക്കുള്ള പ്രധാന ജലസ്രോതസ്സുകൂടിയാണ് കാഞ്ഞിരപ്പുഴ അണക്കെട്ട്. 97.5 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി ജലസംഭരണശേഷി. ഞായറാഴ്ച 87.01 മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞവർഷം ഇതേദിവസം 89.50 മീറ്ററായിരുന്നു ജലനിരപ്പ്. ശിരുവാണി അണക്കെട്ടിലും വെള്ളം കുറഞ്ഞിട്ടുണ്ട്. കാർഷിക -കുടിവെള്ള ആവശ്യങ്ങൾക്കായി ഇടത്-–വലത് പ്രധാന കനാലുകൾവഴി കൂടുതൽ ജലവിതരണവും നടത്തിയിരുന്നു. നിലവിൽ രണ്ടുകനാലുകളിലൂടെയും ജലവിതരണം നടക്കുന്നുമുണ്ട്. ഈ അവസ്ഥ തുടരുന്ന സാഹചര്യത്തിൽ കനാൽ വഴിയുള്ള വിതരണം നിർത്തേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു. കനാൽവഴി വെള്ളം വിതരണം നിർത്തിയാൽ സമീപ കിണറുകളിലെ ജലനിരപ്പ് താഴാനും ഇടയുണ്ട്.










0 comments