Deshabhimani

കാഞ്ചിയിൽ വിരലമർത്തി കടുങ്ങത്ത്‌ കുടുംബം

കെ എം ബിജു, കെ ബി മഹിജിത്ത്‌, കെ ബി ജൈവനന്ദ്‌, അഡ്വ. കെ ജി സ്‌റ്റിനിയ എന്നിവർ ദേശീയ ഷൂട്ടിങ്‌ മത്സരം നടന്ന ന്യൂ ഡൽഹിയിലെത്തിയപ്പോൾ
വെബ് ഡെസ്ക്

Published on Sep 18, 2026, 02:00 AM | 1 min read

ജിജോ ജോർജ്‌

പാലക്കാട്‌

തേങ്കുറുശിയിലെ പരന്പരാഗത കർഷകനായ കടുങ്ങത്ത്‌ മായൻകുട്ടി തോക്കും പിടിച്ച്‌ കൃഷിയിടത്തിലൂടെ നടക്കുന്ന കാഴ്‌ച കുട്ടിക്കാലത്ത്‌ തന്നെ മകൻ ബിജുവിന്റെ മനസിൽ പതിഞ്ഞതാണ്‌. കൃഷി നശിപ്പിക്കാനെത്തുന്ന മൃഗങ്ങളെ തുരത്താൻ മായൻകുട്ടിക്ക്‌ ലൈസൻസ്‌ തോക്കുണ്ടായിരുന്നു. ജില്ലാ ഷൂട്ടിങ്‌ ചാന്പ്യൻഷിപ്പുകളിലും മായൻകുട്ടി തിളങ്ങിയിരുന്നു. അച്ഛനെപോലെ തോക്ക്‌ കൈയിലെടുക്കണമെന്ന്‌ ബിജുവും ആഗ്രഹിച്ചു. പക്ഷേ, പഠനത്തിൽ ശ്രദ്ധ ഉ‍ൗന്നിയതോടെ ആഗ്രഹം മാറിനിന്നു. ബിടെക്‌ കഴിഞ്ഞ്‌ വിദേശത്ത്‌ സോഫ്‌റ്റ്‌വെയർ എൻജിനിയറായി ജോലിയും സന്പാദിച്ചു. വിദേശ വാസക്കാലത്ത്‌ സുഹൃത്തുകൾക്കൊപ്പം ആഫ്രിക്കൻ രാജ്യങ്ങളിൽ മൃഗവേട്ടയ്‌ക്ക്‌ പോകാൻ അവസരം ലഭിച്ചതോടെ തോക്ക്‌ കൈയിലെടുക്കണമെന്ന മോഹം വീണ്ടും ഉയർന്നു. 2019– 20 ൽ നാട്ടിൽ തിരിച്ചെത്തിയതോടെ സ്വപ്‌നം പൊടിതട്ടിയെടുത്തു. പരിശീലനം ആരംഭിച്ചു. തോക്കിനോടുള്ള ബിജുവിന്റെ ഇഷ്ടം അതിവേഗം മനസിലാക്കാൻ ഭാര്യയായ അഡ്വ. കെ ജി സ്‌റ്റിനിയക്കും കഴിഞ്ഞു. സ്‌റ്റിനിയുടെ അച്ഛനും മുത്തച്ഛനുമെല്ലാം കൃഷിയിടത്തിൽ മൃഗങ്ങളെ തുരത്താൻ ലൈസൻസ്‌ തോക്കുള്ളവരായിരുന്നു. അഭിനിവേശം മക്കളായ കെ ബി മഹിജിത്, കെ ബി ജൈവനന്ദ്‌ എന്നിവരിലേക്കും പടർന്നു. അതോടെ സന്പൂർണ ഷൂട്ടിങ്‌ കുടുംബമായി. ജില്ലാ റൈഫിൾ ക്ലബ്ബിലെ ലെനു കണ്ണനാണ്‌ പരിശീലകൻ. ഇപ്പോൾ സംസ്ഥാന– ദേശീയ ഷൂട്ടിങ്‌ ചാന്പ്യൻഷിപ്പുകളിലെ സ്ഥിര സാന്നിധ്യമാണ്‌ ഇ‍ൗ കുടുംബം. സംസ്ഥാന ഷൂട്ടിങ്‌ ചാന്പ്യൻഷിപ്പിൽ ജില്ലക്കായി മൂന്ന്‌ സ്വർണവും രണ്ട്‌ വെള്ളിയും മൂന്ന്‌ വെങ്കലവും ഇവർ നേടി. സ്‌റ്റിനിയയാണ്‌ മെഡൽ വേട്ടയിൽ മുന്നിൽ. സ്‌പോർട്‌സ്‌, പിസ്‌റ്റൽ, സ്‌റ്റാൻഡേഡ്‌ ഫയർ വിഭാഗങ്ങളിലായി മൂന്ന്‌ സ്വർണവും രണ്ട്‌ വെങ്കലവുമാണ്‌ സ്വന്തമാക്കിയത്‌. ബിജു സെന്റർ ഫയർ വിഭാഗത്തിൽ വെള്ളിയും മഹിജിത് എയർ പിസ്‌റ്റൽ വിഭാഗത്തിൽ വെള്ളിയും ജൈവനന്ദ്‌ എയർ പിസ്‌റ്റൽ വിഭാഗത്തിൽ വെങ്കലവും വെടിവച്ചിട്ടു. മഹിജിത് ദേശീയ ഷൂട്ടിങ്‌ ചാന്പ്യൻഷിപ്പിൽ പങ്കെടുത്ത്‌ റിന‍ൗൻഡ്‌ ഷ‍ൂട്ടർ പദവിയും നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home