സ്വച്ഛ് സര്‍വേക്ഷണ്‍ സര്‍വേ
ജില്ലയ്-ക്ക് അഭിമാനം: മികവോടെ ശുചിത്വമിഷൻ

പാലക്കാട്
കേന്ദ്ര നഗര- പാർപ്പിട മന്ത്രാലയത്തിന്റെ സ്വച്ഛ് സർവേക്ഷൺ സർവേയിൽ ജില്ലയിലെ നഗരസഭകൾക്ക് മികച്ച മുന്നേറ്റം. നഗരങ്ങളുടെ ശുചിത്വ നിലവാരം അളക്കുന്ന ഈ ദേശീയ സർവേയിൽ കഴിഞ്ഞവർഷത്തേക്കാൾ മികച്ച റാങ്കുകൾ നേടിയാണ് ജില്ല സംസ്ഥാനത്തിന് മാതൃകയായത്. ശുചിത്വ മിഷൻ നടപ്പാക്കിയ സമഗ്ര ശുചിത്വ പ്രവർത്തനങ്ങളാണ് നേട്ടത്തിനുപിന്നിൽ. കഴിഞ്ഞവർഷം 3697–--ാം റാങ്കായിരുന്ന ഷൊർണൂർ നഗരസഭ ഇത്തവണ 108–--ാം റാങ്കിലെത്തി. 4160–--ാം റാങ്കുള്ള ചെർപ്പുളശേരി നഗരസഭ 161–--ാം റാങ്കിലും 3724–--ാം റാങ്കുണ്ടായിരുന്ന പട്ടാമ്പി നഗരസഭ 221–--ാം റാങ്കിലും എത്തി. പാലക്കാട് നഗരസഭ (3369-ൽനിന്ന് 338), ഒറ്റപ്പാലം നഗരസഭ (3611- ൽനിന്ന് 380-), മണ്ണാർക്കാട് നഗരസഭ (3004-ൽനിന്ന് 625-), ചിറ്റൂർ- തത്തമംഗലം നഗരസഭ (4036-ൽനിന്ന് 1289) എന്നിങ്ങനെയും ഗണ്യമായ പുരോഗതി രേഖപ്പെടുത്തി. പ്രീ-അസസ്‌മെന്റ് സർവേയിൽ കണ്ടെത്തിയ മാലിന്യ പ്ലാന്റുകളുമായി ബന്ധപ്പെട്ട രേഖകളുടെ കുറവ്, പൊതുയിടങ്ങളിലും ജലാശയങ്ങളിലും ബിന്നുകളുടെയും വിവര ബോർഡുകളുടെയും അഭാവം, പൊതു ശുചിമുറികളിലെ ശുചിത്വക്കുറവ് തുടങ്ങിയ പോരായ്മകൾ പരിശോധനയ്‌ക്കുമുമ്പായി പരിഹരിച്ചു. "മാലിന്യ മുക്തം നവകേരളം' ക്യാമ്പയിന്റെ ഭാഗമായി ഡോർ ടു ഡോർ മാലിന്യശേഖരണം 100 ശതമാനത്തിലെത്തിച്ചു. ഖരമാലിന്യ സംസ്‌കരണത്തിൽ അടിസ്ഥാന സൗകര്യം വികസിപ്പിച്ചു. പൊതുഇടങ്ങളിലെയും ജലാശയങ്ങളിലെയും വൃത്തി ഉറപ്പാക്കി. മാലിന്യംതള്ളുന്ന കേന്ദ്രങ്ങൾ വൃത്തിയാക്കി പൂന്തോട്ടങ്ങളാക്കി മാറ്റി. ചുവർ ചിത്രങ്ങൾ, പ്രത്യേക മാലിന്യ സംസ്‌കരണ പ്ലാന്റുകൾ, നിർമാണ അവശിഷ്ട മാലിന്യശേഖരണ പോയിന്റുകൾ, വേസ്റ്റ് ടു ആർട്ട് ഉദ്യമങ്ങൾ, സീറോ വേസ്റ്റ്-ഗ്രീൻ പ്രോട്ടോകോൾ, ആർആർആർ സെന്ററുകൾ, നിയമ ലംഘകർക്കെതിരെ കർശന നടപടി എന്നിവയും റാങ്കിങ് മെച്ചപ്പെടുത്താൻ സഹായിച്ചു. ഗാർബേജ് ഫ്രീ സിറ്റി സ്റ്റാർ റേറ്റിങ്ങിൽ ഉയർന്ന സ്റ്റാറുകൾ നേടി ജില്ലയിലെ നഗരസഭകൾ സംസ്ഥാനത്ത് മുന്നിലെത്തി. പട്ടാമ്പി, ഷൊർണൂർ നഗരസഭകൾ മൂന്ന് സ്റ്റാർ റേറ്റിങ് കരസ്ഥമാക്കി. കേരളത്തിൽ ഈ നേട്ടം കൈവരിച്ച മൂന്ന് നഗരങ്ങളിൽ രണ്ടെണ്ണം പാലക്കാട്ടുനിന്നാണ്. ചെർപ്പുളശേരി നഗരസഭ ഒരു സ്റ്റാർ നേടി. വെളിയിട വിസർജന വിമുക്ത നഗരങ്ങൾക്കുള്ള ഒഡിഎഫ് പ്ലസ് സർട്ടിഫിക്കേഷനും എല്ലാ നഗരസഭകളും നേടി.










0 comments